തമിഴ്‌നാട്ടില്‍ മെയ് 10 മുതല്‍ ലോക്‌ഡൗണ്‍; അവശ്യസേവനങ്ങള്‍ക്ക് മാത്രം അനുമതി

0
70

കോവിഡ് വ്യാപനം തീവ്രമായതോടെ തമിഴ്‌നാട്ടില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മെയ് 10 മുതല്‍ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകള്‍ക്ക് 12 മണി വരെ പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകള്‍ 14 ദിവസത്തേക്ക് അടച്ചിടും. പാഴ്സല്‍ സേവനങ്ങള്‍ക്കായി മാത്രം റെസ്റ്റോറന്റുകള്‍ തുറക്കാം. അവശ്യ സര്‍വീസില്‍പ്പെടാത്ത എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനം നിര്‍ത്തും. എന്നാല്‍ സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, അഗ്‌നിരക്ഷാസേന, ജയില്‍, പ്രാദേശിക ഭരണം, വൈദ്യുതി, പിഡബ്ല്യുഡി, സാമൂഹ്യക്ഷേമം, വനം വകുപ്പുകള്‍ പ്രവര്‍ത്തിക്കും. സിനിമാശാലകള്‍, മള്‍ട്ടിപ്ലക്സുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ തുടങ്ങിയവയ്ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. തമിഴ്‌നാട്ടില്‍ ഇന്നലെ 26,465 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.