രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥാനമൊഴിയണമെന്ന് രാഷ്‌ട്രീയകാര്യ സമിതി

0
48

തെരഞ്ഞെടുപ്പ്‌ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും ഒഴിയണമെന്ന്‌ രാഷ്‌ട്രീയകാര്യ സമിതിയിൽ ആവശ്യം.

തോൽവിയിൽ തന്നെമാത്രം പഴിക്കരുതെന്ന്‌ മുല്ലപ്പള്ളി. തനിക്കും ഉത്തരവാദിത്തമുണ്ടെന്ന്‌ ഉമ്മൻചാണ്ടി. മണിക്കൂറുകളുടെ ചർച്ചയ്‌ക്കുശേഷം സമ്പൂർണ അഴിച്ചുപണി നടത്തണമെന്ന നിർദേശത്തോടെ തന്ത്രപൂർവം യോഗം പിരിഞ്ഞു.

പരാജയം ചർച്ചചെയ്യാൻ രണ്ട്‌ ദിവസത്തെ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയോഗം വിളിക്കും. അതിനുമുമ്പ്‌ ഡിസിസി പ്രസിഡന്റുമാരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നും റിപ്പോർട്ട്‌ വാങ്ങും. ജംബോ കമ്മിറ്റികളെ ഒഴിവാക്കി സമ്പൂർണ അഴിച്ചുപണി നടത്തും.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷവും ഡിസിസി പ്രസിഡന്റുമാരെയടക്കം മാറ്റാൻ തീരുമാനിച്ചെങ്കിലും ഗ്രൂപ്പ്‌ ഇടപെടലിൽ നടന്നില്ല. സമ്പൂർണ അഴിച്ചുപണിക്കും ഇതേ ഗതിയായിരിക്കുമെന്ന്‌ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഉമ്മൻചാണ്ടിയടക്കം രംഗത്ത് ഇറങ്ങിയത്‌ വിമർശങ്ങളുടെ മൂർച്ച കുറയ്‌ക്കാനുള്ള തന്ത്രമായിരുന്നു. തെരഞ്ഞെടുപ്പ്‌ അധ്യക്ഷനെന്ന നിലയിൽ തോൽവിക്ക്‌ നമ്പർവൺ ഉത്തരവാദി താനാണെന്ന്‌ ഏറ്റുപറഞ്ഞ ഉമ്മൻചാണ്ടി പരസ്‌പരം പഴിചാരാതെ മുന്നോട്ട്‌ പോകണമെന്നും നിർദേശിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച്‌ ഹൈക്കമാൻഡ്‌ തീരുമാനം അംഗീകരിക്കുമെന്നായിരുന്നു രമേശ്‌ ചെന്നിത്തലയുടെ നിലപാട്‌. പാർടിയിലും നിയമസഭാ കക്ഷിയിലും എന്ത്‌ തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റെന്ന നിലയിൽ തന്റെ തലയിൽമാത്രം കെട്ടിവയ്‌ക്കാൻ ചിലർ ശ്രമിക്കുകയാണെന്ന്‌ മുല്ലപ്പള്ളി ആവർത്തിച്ചു.

ചെന്നിത്തലയും മുല്ലപ്പള്ളിയും സ്ഥാനം ഒഴിയണമെന്ന്‌ ആവശ്യപ്പെട്ട പി ജെ കുര്യൻ രൂക്ഷവിമർശവും നടത്തി. എഐസിസി നിർദേശപ്രകാരമല്ല സ്ഥാനാർഥികളെ നിർണയിച്ചതെന്നും ചില നേതാക്കൾ ഇഷ്ടമില്ലാത്തവരെ വേട്ടയാടുകയാണെന്നും കുര്യൻ കുറ്റപ്പെടുത്തി. മുല്ലപ്പള്ളി സ്ഥാനം ഒഴിയണമെണന്ന്‌ കെ സുധാകരനും ആവശ്യപ്പെട്ടു.