വാർഡ് തല സമിതികൾ രൂപീകരിച്ച് വീടുകൾ സന്ദർശിക്കണം; ആംബുലൻസിന് പകരമുള്ള വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

0
90

 

പഞ്ചായത്തുകൾ വാർഡ് തല സമിതികൾ ഉടൻ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ് തല കമ്മിറ്റികൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളിൽ ആവശ്യമായ ചികിത്സ ഒരുക്കണം.

പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. അതിർത്തിയിൽ നടക്കുന്ന വാക്‌സിനേഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്രമീകരണം ഉണ്ടാക്കണം. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മറവുചെയ്യുന്നതിന് വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും വാർഡ്തല സമിതികൾ ചെയ്തുകൊടുക്കണം.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ വാർഡ് തല സമിതി കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷനിൽ വാർഡ് തല സമിതിയിലെ അംഗങ്ങൾക്ക് ആദ്യപരിഗണന നൽകണം. ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.