തിരുവനന്തപുരം ജില്ലയിലെ ഓക്‌സിജന്‍ വാര്‍ റൂം വഴുതക്കാട് വിമന്‍സ് കോളേജില്‍

0
81

തിരുവനന്തപുരം  ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂം വഴുതക്കാട് വിമന്‍സ് കോളേജിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഓക്‌സിജന്‍ സംഭരണശാല പ്രവര്‍ത്തിക്കുന്ന വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തോട് ചേര്‍ന്നാകും വാര്‍ റൂം പ്രവര്‍ത്തിക്കുക. ഓക്‌സിജന്‍ വാര്‍ റൂമിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ തിരുവനന്തപുരം തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ സജ്ജീകരിക്കും. ജില്ലാ ഫയര്‍ ഓഫീസര്‍ ഓക്‌സിജന്‍ സംഭരണശാലയുടെ സുരക്ഷാ സംവിധാനം നിരന്തരം വിലയിരുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്സിജന്‍ എത്തിക്കുന്നതിനും വിവിധയിടങ്ങളില്‍നിന്ന് ഓക്സിജന്‍ സംഭരിക്കുന്നതിനുമാണ് ഓക്‌സിജന്‍ വാര്‍ റൂം ആരംഭിച്ചത്. ജില്ലയ്ക്കു വരും ദിവസങ്ങളില്‍ ആവശ്യമായ മുഴുവന്‍ ഓക്സിജനും സംഭരണ കേന്ദ്രത്തില്‍ സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.