യുവമോർച്ച നേതാവ് ‘ഉത്തരവിട്ടു’; കൊവിഡ് വാർ റൂമിലെ മുസ്‌ലിം ജീവനക്കാരെ പുറത്താക്കി

0
30

ബാംഗ്ലൂർ സൗത്ത് എംപിയും യുവമോർച്ച പ്രസിഡന്റുമായ തേജസ്വിസൂര്യയുടെ നിർദേശപ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സ്ഥാപിച്ച കൊവിഡ് വാർ റൂമിലെ 17 മുസ്‌ലിം ജീവനക്കാരെ ജോലിയിൽനിന്ന് പുറത്താക്കി.

മുസ്‌ലിം ജീവനക്കാരെ ലക്ഷ്യമിട്ട് തേജസ്വിസൂര്യ രംഗത്തുവന്നതിനു പിന്നാലെയാണ് പതിനേഴുപേരെയും ജോലിയിൽനിന്ന് പുറത്താക്കിയത്. ആശുപത്രികളിൽ ബെഡ് അനുവദിക്കുന്നതിൽ അഴിമതിയുണ്ടെന്നും ഇതിനു പിന്നിൽ ജിഹാദികളായ മുസ്‌ലിം ജീവനക്കാരാണെന്നുമായിരുന്നു യുവമോർച്ച നേതാവും എംപിയുമായ തേജസ്വിസൂര്യയുടെ പരാമർശം.

ബിജെപി എംഎൽഎമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചർ എന്നിവർക്കൊപ്പം ബിബിഎംപി കൊവിഡ് വാർ റൂമിലേക്ക് അതിക്രമിച്ച്‌ കയറിയ തേജസ്വി മുസ്ലിം ജീവനക്കാർക്കെതിരേ കടുത്ത വിദ്വേഷ പരാമർശങ്ങളാണ് നടത്തിയത്.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.മുസ്‌ലിം ജീവനക്കാരുടെ പേര് എടുത്ത് പറഞ്ഞായിരുന്നു ഇയാളുടെ കുറ്റപ്പെടുത്തൽ. ‘ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ജിഹാദികൾക്ക് ജോലി നൽകാൻ..’ എന്നായിരുന്നു ആക്രോശം.

ആശുപത്രികളിലെ ബെഡ് സൗകര്യങ്ങളെ കുറിച്ച്‌ അറിയാൻ നഗരത്തിലുള്ളവർക്ക് വേണ്ടി ബിബിഎംപി പ്രത്യേക കോവിഡ് വാർ റൂം സജ്ജീകരിച്ചിരുന്നു.ഏതൊക്കെ ആശുപത്രികളിൽ കിടക്കകൾ ഒഴിവുണ്ടെന്ന് രോഗികൾക്ക് വാർ റൂമിന്റെ ട്രോൾ ഫീ നമ്ബറിൽ വിളിച്ച്‌ അന്വേഷിച്ചാൽ അറിയാനും ആവശ്യാനുസരണം കിടക്കകൾ ബുക്ക് ചെയ്ത് അഡ്മിറ്റാവാൻ സാധിക്കും.

എന്നാൽ ഇവിടെ ഗുരുതര ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് തേജസ്വി സൂര്യയുടെ ആരോപണം. മുസ്‌ലിം ജീവനക്കാരെ മാത്രം പുറത്താക്കുന്നതെന്തിനെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത മൗനം പാലിക്കുകയായിരുന്നു.