അശ്വിന്റെയും രേഖയുടെയും നന്മ മനസിന് കൈയടിച്ചു കേരളം

0
87

ഡിവൈഎഫ്ഐ പ്രവർത്തകരായ അശ്വിന്റെയും രേഖയുടെയും നന്മ മനസിന് കൈയടിച്ചു കേരളം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട കോവിഡ് രോഗിയെ ഇരുവരും ബൈക്കിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. പുന്നപ്രയി വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ  പ്രർത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയർ സെൻ്ററിൽ വെള്ളിയാഴ്ച രാവിലെ 9 ഓടെയായിരുന്നു സംഭവം.

97 രോഗികളുള്ള സെൻ്ററിൽ രാവിലെ 8.15 ഓടെയാണ് വാളൻ്റിയർമാരായ അശ്വിൻ കുഞ്ഞുമോൻ രേഖ പി മോൾ എന്നിവർ എത്തിയത്.പി പി ഇ കിറ്റ് ധരിച്ച ഇരുവരും ചേർന്ന് താഴത്തെ നിലയിൽ രോഗികൾക്ക് പ്രഭാത ഭക്ഷണം വിളമ്പി നൽകുന്നതിനിടെ, മൂന്നാം നിലയിൽ കഴിയുന്ന അമ്പലപ്പുഴ കരൂർ സ്വദേശിയായ യുവാവ് അവശനിലയിലാണന്ന് മറ്റൊരു രോഗി അവരെ അറിയിച്ചത്. ഉടൻകോവണി കയറി മൂന്നാം നിലയിലെത്തിയ അശ്വിനും രേഖയും യുവാവിനെ താങ്ങിയെടുത്ത് താഴെ എത്തിച്ച് ടേബിളിൽ കിടത്തി.

ശാസമെടുക്കാൻ ഏറെ പ്രയാസപ്പെടുകയും കണ്ണ് പുറത്തേക്കു തള്ളി വരുകയും ചെയ്‌ത യുവാവിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും എത്തിച്ചേരാൻ പത്ത് മിനിട്ട് എടുക്കുമെന്ന് അറിഞ്ഞു. തുടർന്ന് ബൈക്കിൽ 50 മീറ്ററിനുള്ളിലുള്ള സാഗര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇവിടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതോടെ അപകടനില തരണം ചെയ്‌ത രോഗിയെ പിന്നീട് ഓക്‌സിജൻ സംവിധാനമുള്ള ആംബുലൻസ് വരുത്തി ആലപ്പുഴ ജനറൽ ആശുപത്രിയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

പ്രത്യക്ഷത്തിൽ രോഗ ലക്ഷണമില്ലാത്തവരും വീടുകളിൽ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമില്ലാത്തവരുമായ കോവിഡ് രോഗികൾക്ക്, താമസ സൗകര്യവും യഥാസമയം ഭക്ഷണവും ലഭ്യമാക്കുന്നതിനായി ഏപ്രിൽ 30നാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡൊമസ്റ്റിക് കെയർ സെൻ്റർ ആരംഭിച്ചത്.