കോവിഡ് രണ്ടാംതരംഗ ഭീഷണിക്കിടയിലും ഇന്ധനക്കൊള്ള; കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നടപടി അവസാനിപ്പിക്കുക: ഡി.വൈ.എഫ്.ഐ

0
27

അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ് രണ്ടാം തരംഗ കാലത്ത് ജനങ്ങളെ കരുണയില്ലാതെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ.

പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയും തുടർച്ചയായ നാലാം ദിവസം കൂട്ടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 1.80 രൂപ പെട്രോളിനും 1.95 രൂപ ഡീസലിനും വർദ്ധിപ്പിച്ചു.

രാജ്യാന്തര വിപണിയിൽ വില കുറയുമ്പോൾ അറിയാതെയും വില കൂടുമ്പോൾ കൃത്യമായി അറിഞ്ഞും രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിത പൂർണ്ണമാക്കുകയാണ് കേന്ദ്രസർക്കാർ. മഹാമാരിയിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ, സഹായ സഹകരണങ്ങളുമായി ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്.

ഒരു തലത്തിലും ജനങ്ങൾക്ക് ആശ്വാസകരമാകുന്ന നടപടികൾ സ്വീകരിക്കാതെ എണ്ണ കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നത് ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.കേരളം, പശ്ചിമ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വില കുറയ്ക്കുകയും ശേഷം വീണ്ടും ദിവസേന ഇന്ധന വില വർദ്ധിപ്പിക്കുകയും ചെയ്യുന്ന ബിജെപിയുടെ ജനവിരുദ്ധ രാഷ്ട്രീയം അവസാനിപ്പിക്കണം.

കോവിഡ് രണ്ടാം തരംഗം അതീവ ഗുരുതരമായി തുടരുമ്പോൾ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടി നീതീകരിക്കാൻ കഴിയാത്തതാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ എണ്ണ കമ്പനികളുമായി ചേർന്ന് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ്.

ഇന്ധന വില വർദ്ധനവിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധമുയർത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.