ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചു, ഐസിയു നിറയെ മൃതദേഹങ്ങൾ, ഡോക്ടർമാരും നഴ്‌സുമാരും മുങ്ങി, ദൃശ്യങ്ങൾ പുറത്ത്

0
65

ഗുരുഗ്രാമിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഐസിയുവിൽ പൂട്ടിയിട്ട് ഡോക്ടർമാരും നേഴ്‌സുമാരും കടന്നുകളഞ്ഞതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

ഗുരുഗ്രാമിലെ കൃതി ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ച് ദിവസം മുമ്പുള്ള വീഡിയോ ആണിത്. ദൃശ്യങ്ങൾ എൻഡിടിവിയും പുറത്തുവിട്ടു. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു.

വെള്ളിയാഴ്ച ആറ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചതാണ് ദൃശ്യങ്ങൾ. കോവിഡ് രോഗികളുടെ ബന്ധുക്കൾ ഐസിയുവിൽ കയറുന്നതും ഓരോ ബെഡിലും മൃതദേഹങ്ങൾ കാണുന്നതും വിഡിയോയിലുണ്ട്. ബന്ധുക്കളെ പേടിച്ച്‌ ഡോക്ടർമാരും ജീവനക്കാരും സ്ഥലത്തുനിന്ന് മാറിയിരുന്നു.

ബന്ധുക്കൾ ആശുപത്രിക്കുള്ളിൽ കടക്കുമ്പോൾ സുരക്ഷാ ജീവനക്കാർ പോലും ഉണ്ടായിരുന്നില്ല. ഡോക്ടർമാരോ നഴ്സുമാരോ ആശുപത്രി ജീവനക്കാരോ ഇവിടെനിന്നും മാറിയിരുന്നു. മൃതദേഹങ്ങൾ ഐസിയുവിനകത്ത് പൂട്ടി ഡോക്ടർമാർ പോയതായി ബന്ധുക്കൾ ആരോപിക്കുന്നു.

ഓക്സിജൻ ഇല്ലാതായതോടെ രോഗികളെ ഉപേക്ഷിച്ച്‌ ഡോക്ടർമാർ ഉൾപ്പെടെ കടന്നുകളഞ്ഞുവെന്ന് ബന്ധുക്കൾ പറയുന്നു. അകത്ത് കയറിയവർ ഓരോ ബെഡിലും മൃതദേഹങ്ങളാണ് കാണുന്നത്. വീഡിയോകൾ ബന്ധുക്കൾ വാർഡുകളിലേക്ക് ഓടുന്നതായി കാണാം. എന്നാൽ, ഒരു ഡോക്ടറെയോ സ്റ്റാഫ് അംഗത്തെയോ കണ്ടെത്തുന്നില്ല. ‘ഡോക്ടറോ പരിശോധകരോ ഇല്ല.

റിസപ്ഷനിൽ ആരും ഇല്ല. ഒരു കാവൽക്കാരൻ പോലും ഇല്ല’ എന്നും പറയുന്നുണ്ട്. കുടുംബാംഗങ്ങൾ നഴ്സ് സ്റ്റേഷനുകൾ, വാർഡുകൾ, കാബിനുകൾ എന്നിവയിലൂടെ നടക്കുന്നതും അവിടെയൊന്നും ഡോക്ടർമാരെയോ സ്റ്റാഫുകളെയോ കാണാത്തതും വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

എന്നാൽ, ഡോക്ടർമാർ ആശുപത്രിയിലുണ്ടായിരുന്നെന്നും രോഗികളുടെ ബന്ധുക്കളാൽ ആക്രമിക്കപ്പെടുമെന്നതുകൊണ്ട് കാൻറീനിൽ മാറിയിരിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഓക്സിജൻ ഇല്ലാത്ത വിവരം അധികൃതരെ മുൻകൂട്ടി അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ആശുപത്രി ഡറക്ടർ സ്വാതി റാത്തോഡ് പറഞ്ഞു.

ഓക്സിജൻ ഇല്ലെന്നും രോഗികളെ മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും ബന്ധുക്കളെ മുൻകൂട്ടി അറിയിച്ചതാണ്. എന്നാൽ, ഇതുണ്ടായില്ല. രാത്രി 11ഓടെ ആറ് പേർ മരിച്ചു- അവർ പറഞ്ഞു. സംഭവത്തിൽ ഗുരുഗ്രാം ഭരണകൂടം അന്വേഷണം ആരംഭിച്ചു. വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.