കൊവിഡ് മുന്നണി പോരാളികളെ അപമാനിക്കാൻ വ്യാജവാർത്ത ചമച്ച് റിപ്പബ്ലിക്ക് ടി വി, വ്യാപക പ്രതിഷേധം

0
83

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ഇകഴ്ത്താനും കോവിഡ് മുന്നണി പോരാളികളെ അപമാനിക്കാനും വ്യാജവാർത്തയുമായി റിപ്പബ്ലിക്ക് ടി വി. തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിന്‍ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് വ്യാജവാർത്ത നൽകിയത്. തിരുവനന്തപുരം ടിബി സെന്ററില്‍ വന്ന വാക്‌സിന്‍ കാരിയര്‍ ബോക്‌സ് ഇറക്കാന്‍ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാല്‍ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് സംഘപരിവാർ അനുകൂല ചാനലായ റിപ്പബ്ലിക്ക് ടി വി റിപോര്‍ട്ട് ചെയ്തത്. ഇതിനുപുറമെ ഒരു പടി കൂടി കടന്ന് നോക്കുകൂലി ആവശ്യപ്പെട്ടുവെന്നുവരെ അതിശയോക്തി കലർന്ന തരത്തിൽ വാർത്ത കൊടുത്തു.

എന്നാല്‍ യാതൊരുവിധ കൂലിത്തര്‍ക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയശേഷം കേരളത്തിലേക്ക് വരുന്ന വാക്‌സിന്‍ ലോഡുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് തൊഴിലാളികള്‍ ഇറക്കുന്നത്. തിരുവനന്തപുരത്ത് മാത്രമല്ല, എറണാകുളത്തും തൃശൂരും കോഴിക്കോട്ടുമെല്ലാം ഇങ്ങനെ തൊഴിലാളികൾ സേവനം എന്ന രീതിയിൽ പ്രവർത്തിക്കുന്നത്. മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ അതിനെതിരായ പോരാട്ടത്തിൽ തൊഴിലാളികളും അഭിമാനാർഹമായ ഇടപെടൽ നടത്തുന്നുണ്ട്. മാത്രമല്ല, വാക്സിൻ ലോഡുകളും ഓക്സിജൻ സിലിണ്ടറുകളും സൗജന്യമായി തൊഴിലാളികൾ ഇറക്കുന്നതിനെപ്പറ്റി വിവിധ മാധ്യമങ്ങളിൽ വാർത്തകൾ വന്നതുമാണ്. എന്നാൽ, ഇതെല്ലാം മറച്ചുവെച്ച് കോവിഡിനെതിരായ കേരളത്തിന്റെ ജനകീയ പ്രതിരോധത്തെയും അതിന്റെ മുന്നണി പോരാളികളെയും അവഹേളിക്കുന്ന തരത്തിൽ ഇല്ലാത്ത വാർത്ത കൊടുക്കുകയായിരുന്നു.

തൊഴിലാളികള്‍ ഇറക്ക് കൂലിയുടെ കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും മുതിര്‍ന്നിരുന്നില്ല. ഇറക്ക് കൂലി നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥര്‍ എടുത്ത സമയത്തിന്റെ ഇടവേളയില്‍ ആണ് പ്രസ്തുത മാധ്യമത്തിന്റെ റിപോര്‍ട്ടര്‍ എത്തി വസ്തുത വളച്ചൊടിച്ച്‌ വാര്‍ത്ത ചമച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തൂലമായ സംഭാവനകള്‍ നല്‍കുന്ന തൊഴിലാളികളെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് റിപ്പബ്ലിക്ക്ഈ ടി വി നടത്തിയത്.

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് അടക്കം വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആകെ പാളിയിരിക്കുകയാണ്. കർണാടകത്തിൽ അടക്കം മരണസംഖ്യ ദിവസേന കൂടുന്നു. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായ വ്യാപിക്കുമ്പോൾ 13450 കോടി മുടക്കി പ്രധാനമന്ത്രിയുടെ പുതിയ വസതി നിർമാണം പൂർത്തീകരിക്കാനുള്ള തീരുമാനവും ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഡൽഹിയിലും ലഖ്‌നൗവിലുമെല്ലാം കോവിഡ് ഭീതി പരാതി പടരുമ്പോൾ നിസ്സംഗനായിരിക്കുന്ന പ്രധാനമത്രിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. മാത്രമല്ല, രാജ്യത്ത് കോവിഡ് വ്യാപനം മോശമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനും നരേന്ദ്ര മോഡിക്കും എതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. #resignmodi എന്ന ഹാഷ്‌ടാഗോടുകൂടിയുള്ള ക്യാമ്പയിനും ആരംഭിച്ചു കഴിഞ്ഞു. മോഡിയുടെ ജനവിരുദ്ധമായ നയങ്ങൾക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. രാജ്യം കൂടുതൽ ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ ഒരു തരത്തിലുമുള്ള പ്രതിരോധ പ്രവർത്തനങ്ങളോ ഉത്തരവാദിത്വമോ ഏറ്റെടുക്കാത്ത പ്രധാനമന്ത്രിക്കെതിരെയുള്ള ഇന്ത്യക്കാരുടെ പ്രതിഷേദഹ്മ് ലോകമെങ്ങും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ബിജെപിയും കേന്ദ്ര സർക്കാരും കടുത്ത പ്രതിരോധത്തിലായി. ഈയൊരു സാഹചര്യത്തിലാണ് വ്യാജവാർത്ത നൽകി കേരളത്തെയും തൊഴിലാളികളെയും അപമാനിക്കാൻ സംഘപരിവാർ അനുകൂല ചാനലായ റിപ്പബ്ലിക്ക് ടി വി വ്യാജ വാർത്ത ചമച്ചത്.

സംഭവത്തിൽ സംസ്ഥാനമൊട്ടുക്ക് കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊവിഡ് വാക്സിന്‍ ക്യാരിയര്‍ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ഹെഡ് ലോഡ് & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാപകല്‍ ഇടപെടുന്നവരാണ് തൊഴിലാളികള്‍. ഒരിടത്തും കൂലിയുടെ പേരില്‍ യാതൊരു തര്‍ക്കത്തിനും ഇടനല്‍കിയിട്ടില്ല. കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തങ്ങളുടെ അധ്വാനവും കൂലിയുടെ വിഹിതവും നാടിനായി നല്‍കിയ തൊഴിലാളികളെ കുറിച്ച്‌ സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത ചമച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം ഹീനമായ മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ നിന്നും പിന്മാറാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. ഈ വാര്‍ത്ത തെറ്റിദ്ധാരണാജനകമാം വിധം ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് സംഘടനകള്‍ പ്രചരിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടന്ന കാര്യങ്ങള്‍ സിഐടിയു ജില്ലാ കമ്മിറ്റി വിശദീകരിച്ചത്.