രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3980 പേർ കൊവിഡ് ബാധമൂലം മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,30,168 ആയി.
35,66,398 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1.09 ശതമാനമാണ് മരണ നിരക്ക്. ഇപ്പോൾ രാജ്യത്ത് രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടും.കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തത്. 57,640 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കർണാടകത്തിൽ 50,112 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്ത് കേരളമാണ്. 41,1953 പേർക്കാണ് കേരളത്തിൽ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന കൊവിഡ് രണ്ടാംതരംഗം വരുന്ന ആഴ്ചകളിൽ കൂടുതൽ ഗുരുതരമാകുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് കൊവിഡ് മരണനിരക്ക് ഇനിയും ഉയരുമെന്ന കണ്ടെത്തൽ. രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കേണ്ട സാഹചര്യമാണിതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി.