ബെംഗളൂരു നഗരസഭയുടെ (ബിബിഎംപി) കീഴിലുള്ള കോവിഡ് വാർ റൂമിൽ മുസ്‌ലിങ്ങളെ നിയോഗിച്ചതിനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി തേജസ്വിസൂര്യ. കോവിഡ് വാർ റൂം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽപേർ ഇവിടെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. എന്നാൽ, പുതുതായി നിയോഗിക്കപ്പെട്ടവരെല്ലാം മുസ്ലിങ്ങളാണെന്നും എന്തടിസ്ഥാനത്തിലാണ് മുസ്ലിങ്ങളെ നിയമിച്ചതെന്നും ചോദിച്ചാണ് ബിജെപി എംപി തേജസ്വിസൂര്യ രംഗത്തുവന്നത്.
ബാംഗ്ലൂർ നഗരസഭ ഹജ്ജ് ഓഫീസാണോ, അതല്ല മദ്രസയാണോ ഇന്ന് ചോദിച്ചാണ് ബിജെപി എംപി ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്തു. വനിതാ ഡോക്ടർമാർ അടക്കുമള്ളവരെ വളഞ്ഞുവെച്ചാണ് എംപിയും കൂട്ടാളികളും അധിക്ഷേപിച്ചത്.
ഇതിനിടെ എംപി മുസ്ലിം ജനവിഭാഗത്തെയാകെ അധിക്ഷേപിക്കുന്ന തരത്തിൽ വിദ്വേഷ പരാമർശം നടത്തുകയും ചെയ്തു. മഹാമാരി പടരുമ്പോഴും അതിലും വർഗീയത കണ്ടെത്തുന്ന ബിജെപി എംപി തേജസ്വിസൂര്യയുടെ ധിക്കാരം നിറഞ്ഞ നടപടി സംഗീത എന്ന യുവതി ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
This despicable guy #tejasvisurya has a problem in these short staffed #Covid times with the appointment of Muslim staff? That’s his priority! Playing communal politics in the pandemic is an utter shame!!! Shame!!!pic.twitter.com/mjjboZScUW
— Sangita (@Sanginamby) May 5, 2021
ഡോ. റെഹാൻ ഷഹീദ് എന്ന ഉദ്യോഗസ്ഥനാണ് ബംഗ്ലൂർ സൗത്തിൽ കോവിഡ് ബെഡ് അലോട്ട് ചെയ്യുന്ന റൂമിൻറെ ചുമതല. ഈയിടെ കോവിഡ് വാർ റൂം ശക്തിപ്പെടുത്താൻ ഇദ്ദേഹം റിക്രൂട്ട് ചെയ്ത 17 പേരും മുസ്ലിങ്ങൾ ആണെന്നായിരുന്നു തേജസ്വി സൂര്യയുടെ ആരോപണം. മുൻസൂർ അലി, താഹിർ അലി ഖാൻ, സാദിഖ് പാഷ, മുഹമ്മദ് സായെദ്, അൽസായ് ഷഹീർ, ഉമർഖാൻ, സൽമാൻ യാരിഫ്, സമീർ പാഷ, സബിയുള്ള ഖാൻ, സയദ് ഹസ്‌നെയ്ൻ, സയെദ് ഷഹീദ്, സയീദ് ഷബാസ്, മുഹമ്മദ് യൂനസ്, സയിദ് മൊഹിൻഷാ, സയിദ് മുയേഷ് ഷാ, അൽ ഷാഹിൽ എന്നീ പേരുകൾ വായിച്ചശേഷം എന്തിനാണ് ഇത്രയേറെ മുസ്ലിങ്ങളെ നിയമിച്ചതെന്നും എംപി ചോദിച്ചു.
മതിയായ ജീവനക്കാരില്ലാത്തതിനാൽ പ്രത്യേകം അപേക്ഷ ക്ഷണിച്ചാണ് താൽക്കാലിക നിയമനം നടത്തിയതെന്ന് വനിതാ ഉദ്യോഗസ്ഥ അറിയിച്ചു. എന്നാൽ, ഇത് മദ്രസയാണോ എന്നായിരുന്നു എംപിയുടെ മറുചോദ്യം. എന്തിനാണ് ഇങ്ങനെ മുസ്ലിങ്ങളെ നിയമിക്കുന്നതെന്നും തൻറെ മണ്ഡലമായ ബെംഗളൂരു സൗത്തിൽ ഇത്തരം ആൾക്കാരുടെ സേവനവും രക്തവും വേണ്ടെന്നും എംപി ആക്രോശിച്ചു. കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഇരുപതിലേറെ കൂട്ടികൊണ്ടുവന്നായിരുന്നു എംപിയുടെ പ്രകടനം.
തേജസ്വി സൂര്യ ബാംഗ്ലൂർ നഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ബാംഗ്ലൂർ നഗരസഭ ഹജ്ജ് ഓഫീസാണോ എന്നാണ് തേജസ്വി സൂര്യ ചോദിക്കുന്നത്. മുസ്ലിംങ്ങളെ മാത്രം വാർ റൂമിലേക്ക് റിക്രൂട്ട് ചെയ്യാൻ ഇത് മദ്രസയാണോ എന്നും തേജസ്വി സൂര്യ ചോദിക്കുന്നതായി കേൾക്കാം. മഹാമാരിയുടെ കാലത്തും എങ്ങനെയാണ് ഇത്ര വർഗീയമായും വിദ്വേഷപരമായും ഒരു ജനപ്രതിനിധിക്ക് ചിന്തിക്കാനും പെരുമാറാനും കഴിയുന്നതെന്ന് സംഗീത തന്റെ ട്വീറ്റിൽ ചോദിക്കുന്നു. നാണക്കേടാണിത്, നാണക്കേട് എന്നും ഇതിനൊപ്പം പസോട്ട ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ എംപിക്കെതിരെ രാജ്യമൊട്ടുക്ക് കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്.