കൊവിഡ് പ്രതിരോധത്തിനായി 50,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

0
86

 

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി 50,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് .ആശുപത്രികള്‍, ഓക്സിജന്‍ വിതരണക്കാര്‍, വാക്സീന്‍ ഇറക്കുമതിക്കാര്‍, കൊവിഡ് മരുന്നുകള്‍, കോവിഡുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുന്‍ഗണനാ ക്രമത്തില്‍ ബാങ്കുകള്‍ 50,000 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.2022 മാര്‍ച്ച് 31 വരെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന് ബാങ്കുകള്‍ കോവിഡ് 19 ലോണ്‍ ബുക്ക് തയാറാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സാമ്പത്തിക രംഗത്ത് ശക്തമായ തിരിച്ചുവരവ് ആരംഭിച്ചിരുന്ന സാഹചര്യത്തില്‍ നിന്നു വീണ്ടും ശക്തമായ പ്രതിസന്ധിയിലേക്കാണു രാജ്യം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി ജനങ്ങള്‍ക്കും വാണിജ്യ, വ്യാപാരമേഖലയ്ക്കും ഗുണകരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്‍സൂണ്‍ സാധാരണ നിലയിലായിക്കുമെന്നു പ്രവചനം വന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്ക ഒഴിവാകുമെന്ന് അദ്ദേഹം പറഞ്ഞു.