നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ മുന്നോടിയായി യു ഡി എഫ് നേതാക്കള്‍ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിന് പ്രധാന കാരണം ബി ജെ പിയുടെ വോട്ടുകളായിരുന്നെന്ന് പിണറായി വിജയന്‍. 90 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് വോട്ട് കുറഞ്ഞു. അഞ്ച് ലക്ഷത്തോളം വോട്ടുകളാണ് ബി ജെ പിക്ക് കുറഞ്ഞതെന്നും അദ്ദേഹം മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു. ഇതിന്റെയര്‍ഥം വോട്ട് മറിച്ചുവെന്നാണ്. വോട്ട് മറിച്ചതിന്റെ അടിസ്ഥാനത്തിലാണ് പത്തോളം മണ്ഡലങ്ങളില്‍ യു ഡി എഫ് വിജയിച്ചത്. വോട്ടുമറിക്കല്‍ ഇല്ലായിരുന്നെങ്കില്‍ യു ഡി എഫിന്റെ പതനം വളരെ വലുതാകുമായിരുന്നു. അവസാന നിമിഷം വരെ ജയിക്കാന്‍ പോകുന്ന എന്ന ആത്മവിശ്വാസമായിരുന്നു യുഡിഎഫിന്. ചില കച്ചവടക്കണക്കാണ് ആ ആത്മവിശ്വാസത്തിനു പിന്നില്‍. ബിജെപി അവകാശപ്പെടുന്നത് അടിവച്ചടിവച്ച് അവര്‍ മുന്നേറിക്കൊണ്ടിരിക്കുന്നു എന്നാണ്. എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ 90 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം വന്ന പുതിയ വോട്ടുകളുണ്ട്. സ്വാഭാവികമായും ആ വര്‍ധനവ് ഏതൊരു പാര്‍ട്ടിക്കും ലഭിക്കേണ്ടതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ബിജെപിക്ക് അത് നേടാനായില്ലെന്നും പിണറായി ചോദിച്ചു.
പത്തു സീറ്റുകളില്‍ ഈ കച്ചവടത്തിലൂടെ വിജയം നേടാനായിട്ടുണ്ട്. പല മണ്ഡലങ്ങളിലും എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും ഈ കച്ചവടത്തിലൂടെ സാധിച്ചിട്ടുണ്ട്. ഇതില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിന്റെ പതനം ഇതിലും വലുതാവുമായിരുന്നുവെന്നും പിണറായി പറഞ്ഞു.
കുണ്ടറയിലും പെരുമ്പാവൂരിലും വോട്ട് കച്ചവടം നടന്നു. തൃപ്പൂണിത്തുറയില്‍ 900 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ജയിച്ചത്. ഇവിടെ 6037 വോട്ടിന്റെ കുറവ് ബിജെപിയില്‍ നിന്നുണ്ടായി. വോട്ടുകച്ചവടം കാരണമാണ് ചിലയിടത്ത് യുഡിഎഫ് ജയിച്ചതെന്നും ചിലയിടത്ത് എല്‍ഡിഎഫ് തോറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലക്കുടി, കോവളം, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചതിന് കാരണം ബിജെപിയുമായുളള വോട്ട് കച്ചവടമാണ്. വാമനപുരത്ത് 8000ലധികം വോട്ടുകളാണ് ബിജെപിക്ക് മറിഞ്ഞത്.