“പരട്ട കിളവന്‍, നാമം ജപിച്ച്‌ മൂലക്ക് ഇരുന്നോണം”; ഒ രാജഗോപാലനെതിരെ ബിജെപി സൈബർ ആക്രമണം

0
80

 

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം. ബിജെപിയെ തോല്‍വിയിലേക്ക് നയിച്ചതിന് പിന്നില്‍ ഒ രാജഗോപാലിനും പങ്കുണ്ടെന്നാരോപിച്ചാണ് ഒരുവിഭാഗം സംഘപരിവാര്‍ പ്രൊഫൈലുകള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്ക് കാരണം ഒ രാജഗോപാലാണെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. കേരളത്തിൽ ബിജെപി സംപൂജ്യമായതിന്റെ രോഷം രാജഗോപാലിന് നേരെ പ്രകടിപ്പിക്കുകയാണ് ബിജെപിക്കാർ. കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമം എല്‍ഡിഎഫ് പൂട്ടി. ഇതോടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച്‌ മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ജനവിധി മാനിക്കുന്നു എന്ന രാജഗോപാലിന്റെ പോസ്റ്റിന് താഴെയാണ് കടുത്ത ഭാഷയിലുള്ള അധിക്ഷേപ വര്‍ഷം. ‘ദേശീയജനാധിപത്യ സഖ്യത്തിന് വോട് നല്‍കിയ സമ്മതിദായര്‍ക്ക് ഒരായിരം നന്ദി…ജനവിധിയെ മാനിക്കുന്നു. തോല്‍വിയെ സംബന്ധിച്ച്‌ പാര്‍ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച്‌ കരുത്തോടെ മുന്നോട്ടുപോകും…’എന്നായിരുന്നു രാജഗോപാലിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ രൂക്ഷ ഭാഷയിലുള്ള പ്രതികരണങ്ങളാണ് നടത്തിയത്. വളരെ കടുത്ത സൈബർ ആക്രമണമാണ് രാജഗോപാലനെതിരെ നടക്കുന്നത്. അദ്ദേഹത്തിന്റെ പ്രായവും രാഷ്ട്രീയ പാരമ്പര്യവും ഒന്നും കണക്കിലെടുക്കാതെയാണ് ഒരു വിഭാഗത്തിന്റെ സംഘടിത ആക്രമണം. വ്യക്തിപരമായും മറ്റും അദ്ദേഹത്തെ കടന്നാക്രമിക്കുന്ന പ്രവർത്തകർ അശ്ളീല പദപ്രയോഗവും നടത്തിയിട്ടുണ്ട്.

‘രാഷ്ട്രീയത്തിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോകാറുണ്ട് രാജേട്ടാ’, ‘രാജേട്ടാ എന്ന് വിളിച്ച നാവു കൊണ്ട് നിന്നെ കടൽക്കിഴവ എന്ന് വിളിക്കേണ്ടി വന്നു, അമൃതാനന്ദമയി ആശ്രമത്തിലെ നിന്റെ മുറിയിൽ കയറി ഇരുന്നോണം, പുറത്തുകൊണ്ടുപോകരുത്” എന്നിങ്ങനെ തുടങ്ങി വൃത്തികെട്ട രീതിയിൽ വരെ അദ്ദേഹത്തെ ആക്ഷേപിക്കുന്നുണ്ട്. എന്നാൽ, ചില നേതാക്കൾ ഇടപെട്ടാണ് ഇത്തരമൊരു സൈബർ ആക്രമണം ആരംഭിച്ചതെന്ന് രാജഗോപാലിനെ അനുകൂലിക്കുന്നവരും മുതിർന്ന നേതാക്കളും പറയുന്നു. കനത്ത തോൽവിക്ക് കാരണക്കാരായ നേതാക്കളെ ഒന്നും പറയാതെ രാജഗോപാലിനെ മാത്രം കുറ്റപ്പെടുത്തുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഇപ്പോഴത്തെ ചില സംസ്ഥാന നേതാക്കൾ ഉണ്ടെന്നും ഈ വിഭാഗം പറയുന്നു.