ഇസ്രായേലില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 പേര്‍ മരിച്ചു

0
101

വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോർട്ട്. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടിയപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തെ റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരവും പരിസരവും അടച്ചിട്ടിരുന്നു. കൊറോണ നിയന്ത്രങ്ങൾ ലഘൂകരിച്ചതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഇത് തുറന്നത്. എന്നാൽ, എവിടെ പ്രാർത്ഥനക്കായി അനുവദിക്കപ്പെട്ടതിലും കൂടുതൽ ആളുകൾ തിക്കിത്തിരക്കി കയറിയതോടെ അപകടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ സൈനികരും അർദ്ധ സൈനിക വിഭാഗവും രംഗത്തെത്തി. ഇനിയും കൂടുതൽപേർ അപകടത്തില്പെട്ടതായി സംശയിക്കുന്നു. ആശുപത്രികളിൽ ഇതിനകം നൂറിലേറെപ്പേരെ എത്തിച്ചതായി വാർത്ത ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു