ഐ ഫോണിന്റെ പാസ് വേര്‍ഡ് നൽകിയില്ല; പന്ത്രണ്ടാം ക്ലാസുകാരനെ സുഹൃത്ത് കൊലപ്പെടുത്തി

0
67

ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ പന്ത്രണ്ടാം ക്ലാസുകാരനെ സുഹൃത്ത് കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതാംപുരയിലാണ് സംഭവം നടന്നത്. ഇരുപത് വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.

പ്ലസ് ടു വിദ്യാര്‍ത്ഥി തന്റെ ഐഫോണിന്റെ പാസ് വേര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഏപ്രില്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിബിഎ വിദ്യാര്‍ത്ഥിയായ മയങ്ക് സിംഗ് ആണ് പൊലീസ് പിടിയിലായത്. ഡല്‍ഹിയിലെ മഹാരാജ അഗ്രാസെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥിയാണ് മയങ്ക്.

ഇയാളെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് മകനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 21 ന് രാവിലെ വീട്ടില്‍ നിന്നും പോയ മകന്‍ പിന്നീട് തിരിച്ചു വന്നിട്ടില്ലെന്നായിരുന്നു പിതാവിന്റെ പരാതി. ഞായറാഴ്ച്ച പിതാംബുരയിലുള്ള പാര്‍ക്കിനുള്ളില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.

മൃതദേഹത്തിന് സമീപം വലിയൊരു ടെഡി ബീറും ഉണ്ടായിരുന്നു. സ്ഥലത്ത് നിന്ന് മയക്കുമരുന്നും ലഭിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സ്ഥലത്തെ നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.