കൊവിഡ് സ്ഥിരീകരിച്ച 3000 പേർ ഫോൺ ഓഫ് ചെയ്തു മുങ്ങി

0
29

ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച 2000 മുതല്‍ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറി‌റ്റി വൈസ് ചെയര്‍മാനും മന്ത്രിയുമായ ആര്‍‌. അശോക് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ ഫോണ്‍ ഓഫ് ചെയ്‌ത ശേഷം വീട്ടില്‍നിന്നും മുങ്ങിയതായാണ് വിവരം. ബംഗളൂരു നഗരത്തില്‍ നിന്നുള‌ളവരെയാണ് ഇത്തരത്തില്‍ കാണാതായിരിക്കുന്നത്.

ഈ രോഗികളെ കണ്ടെത്താനായി പൊലീസും ദുരന്ത നിവാരണ അതോറി‌റ്റിയും ശ്രമം തുടരുകയാണ്. കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികള്‍ ഫോണ്‍ ഓഫ് ചെയ്‌ത് വീട്ടില്‍ നിന്നും പോകരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ കാണാതാവുന്നവരെ കണ്ടെത്താന്‍ പത്ത് ദിവസത്തോളമാണ് വേണ്ടി വരുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രയാസകരമാണെന്നും ആര്‍. അശോക് ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ 90 ശതമാനം രോഗികള്‍ക്കും അസുഖം ഭേദമാകുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്‌ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 40,000 പുതിയ കേസുകളാണ് സംസ്ഥാനത്ത് ബുധനാഴ്‌ച മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 29,000 കേസുകളും ബംഗളൂരു നഗരത്തില്‍ തന്നെയാണ്. 229 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച്‌ ഇന്നലെ മാത്രം മരണമടഞ്ഞത്.

സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് മുന്നില്‍ കിടക്കകള്‍ ഒഴിവില്ലെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി. പ്രതിദിനം രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ താല്‍ക്കാലിക കൊവിഡ് ശ്‌മശാനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിക്കുകയാണ്. യേലഹങ്കയില്‍ നാലേക്കറോളം സ്ഥലം ഇതിനായി കോര്‍പറേഷന്‍ നീക്കിവച്ചതായും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ നാട്ടിലേക്ക് പോകാന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വാഹനം അന്വേഷിച്ച്‌ ഇപ്പോഴും നഗരത്തിലെ ബസ്‌ സ്‌റ്റാന്റുകളില്‍ എത്തുന്നുണ്ട്.