സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികില്‍സയ്ക്ക് ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിംകോടതി

0
86

ഉത്തർപ്രദേശ് സർക്കാർ യുഎ​പിഎ ചു​മ​ത്തി മഥുര ജ​യി​ലി​ല​ട​ച്ച ഡ​ല്‍​ഹി​യി​ലെ മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. അദ്ദേഹത്തിന് എയിംസ് അല്ലെങ്കില്‍ ദില്ലിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണം. സുഖം പ്രാപിച്ചശേഷം മഥുര ജയിലിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനും അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്തും സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് കോടതി നിരീക്ഷിച്ചു.