കൊവിഡ് രണ്ടാംതരംഗം, മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രകാശ്​ രാജ്

0
33

രാജ്യത്ത്​ കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുക്കൊണ്ടിരിക്കുന്ന ചെയ്യുന്ന സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌​ നടന്‍ പ്രകാശ്​ രാജ്​. 3000 കോടി രൂപ മുടക്കി നിര്‍മിച്ച സര്‍ദാര്‍ വല്ലാഭായ്​ പട്ടേല്‍ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിക്കുന്ന​ പഴയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ്​ അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചത്​. ഞാന്‍ നിങ്ങള്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധികാരഭ്രമമുള്ള സര്‍ക്കാറിനെ കുറിച്ച്‌​ മുന്നറിയിപ്പ്​ നല്‍കുന്നത് ഇനിയും തുടരുക തന്നെ ചെയ്യും. ഉണരൂ ഇന്ത്യ… – എന്ന അടിക്കുറിപ്പോടെയാണ്‌ പ്രകാശ്​ രാജ് വിഡിയോ പങ്കുവെച്ചത്.

‘നമ്മുടെ രാജ്യത്തിന്റെ തലവനെ കുറിച്ച്‌​ നിങ്ങള്‍ എന്താണ്​ കരുതുന്നത്​​. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അദ്ദേഹം ആദ്യം 100 കോടിയും പിന്നീട്​ 500 കോടിയും നല്‍കുന്നു. അതേ വ്യക്​തി തന്നെ​ ഒരു പ്രതിമ പണിയാന്‍ 3000 കോടി ചിലവഴിക്കുന്നു. എത്രത്തോളം വിവേകമില്ലാത്ത നേതാവാണ് നമുക്കുള്ളത്. നിങ്ങളാണ്​ ആ ചോദ്യം ചോദിക്കേണ്ടത്​. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്​… പൊങ്ങച്ചക്കാരന്‍. അഹംഭാവമുള്ള ബുദ്ധിശൂന്യന്‍. അയാള്‍ ഈ രാജ്യത്തോട്​ ഇങ്ങനെ ചെയ്യരുത്​.

തൊഴിലില്ലായ്​മയും കാര്‍ഷിക പ്രതിസന്ധികളും നിലനില്‍ക്കുന്ന ഈ രാജ്യത്തോട്​ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണിത്​. മറ്റൊന്ന്​, അത്​ നമ്മുടെ പണമാണ്​… ഞങ്ങള്‍ ഭിക്ഷ യാചിക്കുന്നതല്ല. ചോദ്യം ചോദിക്കുക തന്നെ വേണം. നികുതി നല്‍കുന്നവരുടെ പണം ഉപയോഗിച്ച്‌​ ചെയ്​ത ഈ കാര്യത്തിന്​ അയാളെക്കൊണ്ട്​ മറുപടി പറയിപ്പിക്കുക തന്നെ ചെയ്യണം. ദയവ്​ ചെയ്​ത മാധ്യമങ്ങള്‍ ഇത്​ പ്രചരിപ്പിക്കണം. 3000 കോടി രൂപയാണ്​… 20000 കോടി ലഭിച്ചാല്‍ മാത്രം സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്ന ഒരു സംസ്ഥാനത്തിന് അയാള്‍,​ 500 കോടി മാത്രമാണ്​ നല്‍കിയത്’​. – പ്രകാശ്​ രാജ്​ വിഡിയോയില്‍ പറയുന്നു.