കരുതൽ ശേഖരമായി 510 മെട്രിക് ടണ്ണോളം ഓക്സിജൻ ; ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ

0
31

പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളിൽ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ഉന്നതതല യോഗം വിളിച്ചുചേർത്തു. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തുടർച്ചയായാണ് ഈ യോഗം കൂടിയത്.

സംസ്ഥാനത്ത് പ്രതിദിനമുള്ള ഓക്‌സിജന്റെ ഉത്പാദനം, വിതരണം, ഉപയോഗം, ആസന്നമായിരിക്കുന്ന രോഗികളുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വർധനവിന് ആനുപാതികമായുള്ള മുന്നൊരുക്കങ്ങൾ എന്നിവ പ്രത്യേകമായി യോഗം ചർച്ച ചെയ്തു. നിലവിൽ സർക്കാർ ആശുപത്രികളിൽ 220 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാണ്. കോവിഡ് ചികിത്സയ്ക്കും കോവിഡ് ഇതര ചികിത്സയ്ക്കുമായി ഏകദേശം 100 മെട്രിക് ടൺ ഓക്‌സിജനാണ് ഉപയോഗിക്കേണ്ടി വരുന്നത്. വിതരണ ശേഷം ഓക്‌സിജൻ ഉത്പാദന കേന്ദ്രത്തിൽ 510 മെട്രിക് ടണ്ണോളം ഓക്‌സിജൻ കരുതൽ ശേഖരമായുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാൻ പറ്റുന്ന തരത്തിൽ കരുതൽ ശേഖരം 1000 മെട്രിക് ടണ്ണായി വർധിപ്പിക്കുന്നതിന്റെ വിവിധ സാധ്യതകൾ യോഗം പ്രത്യേകം ചർച്ച ചെയ്തു.

വിവിധ ജില്ലാ കളക്ടർമാർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന് ആനുപാതികമായി ജില്ലകളിൽ ഒരുക്കുന്ന ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യകതയനുസരിച്ച് ഓക്‌സിജന്റെ ലഭ്യതയിൽ ഉണ്ടായേക്കാവുന്ന വർധനവ് പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തി. അതുമായി ബന്ധപ്പെട്ട് സ്വീകരിക്കാൻ പറ്റുന്ന ബദൽ മാർഗങ്ങളെപ്പറ്റി യോഗം ചർച്ച ചെയ്യുകയും ചെയ്തു.

ലഭ്യമായ ഓക്‌സിജന്റെ ഏറ്റവും ഫലവത്തായ വിനിയോഗത്തിനു വേണ്ടി സംസ്ഥാന, ജില്ലാ, ആശുപത്രി തലങ്ങളിൽ ഓക്‌സിജൻ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. ചികിത്സാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഓക്‌സിജൻ ലീക്കേജ് പരമാവധി ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കുന്നതിനും ഓക്‌സിജൻ സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കാലോചിതമായി നൽകുന്ന പരിശീലന പരിപാടി ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചു.

നിലവിൽ ലിക്വിഡ് ഓക്‌സിജൻ ടാങ്കുകൾ പല ആശുപത്രികളിലും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഓതറൈസേഷന്റെ പ്രശ്‌നം കാണുന്നുണ്ട്. ഇത് പി.ഇ.എസ്.ഒ. അധികാരികളുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹരിച്ച് തുടർച്ചയായ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ നിർദേശം നൽകി. ബൾക്ക് ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യത രാജ്യത്തൊട്ടാകെ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇൻഡസ്ട്രിയൽ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ബൾക്ക് ഓക്‌സിജൻ സിലിണ്ടറുകൾ, നൈഡ്രജൻ സിലിണ്ടറുകൾ, ആർഗോൺ സിലിണ്ടറുകൾ എന്നിവ ജില്ലാ അടിസ്ഥാനത്തിൽ കളക്ടർമാരുടെ മേൽനോട്ടത്തിൽ പിടിച്ചെടുക്കുന്നതിനും അവയെ എയർ സെപ്പറേഷൻ യൂണിറ്റ് വഴി എത്രയും പെട്ടെന്ന് മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളാക്കി മാറ്റി ഉപയോഗിക്കുന്നതിനും തീരുമാനിച്ചു.

ഓക്‌സിജൻ വഹിച്ചുകൊണ്ടുവരുന്ന ടാങ്കറുകൾക്ക് ആംബുലൻസിന് കിട്ടുന്ന അതേ പരിഗണന പൊതുനിരത്തുകളിൽ ഉണ്ടാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ സംസ്ഥാനത്ത് എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തുന്നതിന് ജില്ലാ കളക്ടർമാർ ജില്ലാ പോലീസ് അധികാരികളുമായി സഹകരിച്ച് മേൽ നടപടികൾ സ്വീകരിക്കുന്നതിനും നിർദേശം നൽകി.