സോളാര്‍ തട്ടിപ്പ് കേസ് ; സരിത എസ് നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും

0
42

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസില്‍ രണ്ടാം പ്രതി സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിനതടവ്. തടവുശിക്ഷ കൂടാതെ 40,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസേ്ട്രട്ട് കെ കെ നിമ്മിയാണ് ശിക്ഷ വിധിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസില്‍ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി ബി മണിമോനെ വെറുതെ വിട്ടു.

ഇന്ത്യന്‍ ശിക്ഷാനിയമം 406 (കുറ്റകരമായ വിശ്വാസ വഞ്ചന) 419 (ആള്‍മാറാട്ടം), 420(ചതിയിലൂടെ പണം കൈക്കലാക്കല്‍), 471 (വ്യാജരേഖ ഉപയോഗിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാര്‍. തെറ്റ് ചെയ്തിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നും സരിത കോടതിയെ ബോധിപ്പിച്ചു.

ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനില്‍ ആയതിനാല്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി. തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് സരിത.