കോവിഡ് വ്യാപനം : സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും

0
142

കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തുടരാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യോഗം പൂർണ പിന്തുണ അറിയിച്ചു.

സമ്പൂർണ ലോക്ക്ഡൗണിലേക്ക് ഇപ്പോൾ പോകേണ്ടതില്ല എന്ന സർക്കാർ നിലപാടുതന്നെയാണ് യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പ്രതിനിധികളും പങ്കുവച്ചത്. എന്നാൽ ഇന്നത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കേണ്ടിവരും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നതാണ് സർവ്വകക്ഷിയോഗത്തിന്റെ പൊതു അഭ്യർത്ഥന.

വോട്ടെണ്ണൽ നടക്കുന്ന മെയ് 2നും അടുത്ത ദിവസങ്ങളിലും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യുകയുണ്ടായി. ആഹ്ലാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ അതുമായി ബന്ധപ്പെട്ട ചുമതലകൾ ഉള്ളവർമാത്രം പോയാൽ മതി. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുതെന്നാണ് തീരുമാനം.

വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കു മാത്രമെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും 72 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവർക്കും മാത്രമായി വോട്ടെണ്ണൽ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം.

എല്ലാവിധ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനം. അടച്ചിട്ട ഹാളുകളിൽ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണം.

വിവാഹ ചടങ്ങുകൾക്കും ഇപ്പോൾ 75 പേരെയാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് 50ലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രേവേശം എന്നീ പരിപാടികൾ നടത്തുന്നതിന് മുൻകൂറായി കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ എന്ന് നിജപ്പെടുത്തണം. ഒരു കാരണവശാലും പരമാവധിയിലപ്പുറം പോകാൻ പാടില്ല.

ആരാധനാലയങ്ങളിലും കർശനമായ നിയന്ത്രണങ്ങൾ ആവശ്യമുണ്ട്. റമദാൻ കാലമായതുകൊണ്ട് പള്ളികളിൽ പൊതുവെ ആളുകൾ കൂടാൻ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു. ചെറിയ പള്ളികളാണെങ്കിൽ എണ്ണം ഇതിലും ചുരുക്കേണ്ടിവരും.

ഇക്കാര്യം ജില്ലാകളക്ടർമാർ അതാതിടത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം. നമസ്‌കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടുപോകുന്നതാണ് നല്ലത്. ദേഹശുദ്ധിവരുത്തുന്നതിന് ടാങ്കിലെ വെള്ളത്തിനു പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. പല പള്ളികളും ഇത്തരം നിയന്ത്രണങ്ങൾ നേരത്തെ തന്നെ പാലിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്ന സമ്പ്രദായം തൽക്കാലത്തേക്ക് ഒഴിവാക്കണം.

സിനിമ തിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്ബ്, സ്‌പോർട്‌സ് കോംപ്ലക്, നീന്തൽ കുളം, വിനോദ പാർക്ക്, ബാറുകൾ, വിദേശമദ്യ വിൽപ്പനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം വേണ്ടെന്നു വയ്‌ക്കേണ്ടിവരും.

എല്ലാ യോഗങ്ങളും ഓൺലൈൻവഴി മാത്രമേ നടത്താവൂ. സർക്കാരുമായി ബന്ധപ്പെട്ട യോഗങ്ങൾ ഇപ്പോൾ തന്നെ പൂർണമായും ഓൺലൈനിലാണ്. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ റോട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിർബന്ധമായും പ്രവർത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണവും കഴിയാവുന്നത്ര പരിമിതപ്പെടുത്തണം.

ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങൾ പൂർണമായും അടച്ചിടേണ്ടിവരും. ആൾക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം.

വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങൾ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സർവ്വീസുകൾ മാത്രമേ അന്നുണ്ടാകൂ. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി നൽകാനും യോഗത്തിൽ തീരുമാനമായി.