ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്, അഞ്ചു ടൺ ഓക്സിജൻ കോൺസൻട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി

0
86

കോവിഡ് രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടൺ ഓക്സിജൻ കോൺസൻട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയർ ഇന്ത്യ വിമാനം ന്യൂയോർക്കിൽനിന്ന് പുറപ്പെട്ടു. ആദ്യതരംഗത്തിൽ അമേരിക്കയ്ക്ക് ഇന്ത്യ നൽകിയ സഹായം മറക്കില്ലെന്ന് പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു.

അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന് പ്രസിഡന്റ്‌ ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചു. കോവിഡിന്റെ ആദ്യ നാളുകളിൽ യുഎസിന് ഇന്ത്യ നൽകിയ സഹായങ്ങളെ അനുസ്മരിച്ചായിരുന്നു ബൈഡന്റെ ട്വീറ്റ്.

നേരത്തെ വാക്‌സീൻ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയ്ക്ക് നൽകുമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ നേരിട്ടറിയിച്ചിരുന്നു. കോവിഷീൽഡ് വാക്‌സീന്റെ ഉൽപ്പദാന ത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് ഇന്ത്യയ്ക്ക് നൽകുക.

ബ്രിട്ടൻ ഇന്ത്യയിലേക്ക് 495 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും 140 വെന്റിലേറ്ററുകളും കയറ്റിയയച്ചിട്ടുണ്ട്. ഉപകരണങ്ങൾ നാളെ രാവിലെയോടെ ഇന്ത്യയിലെത്തും.