ഓക്സിജൻ: കരുതലിന്റെ കേരള വിജയം

0
63

ദേശാഭിമാനി മുഖപ്രസംഗം

ദുരന്തങ്ങൾ പാഠങ്ങൾ കൂടിയാണ്. രാജ്യത്തെ തന്നെ കീഴടക്കുന്ന മഹാദുരന്തങ്ങളാകുമ്പോൾ അതിൽനിന്ന് ഏറെ പാഠങ്ങൾ പഠിക്കേണ്ടത് സർക്കാരുകളാണ്. ആദ്യ കോവിഡ് വ്യാപനം പെട്ടെന്നായിരുന്നു. മുന്നൊരുക്കങ്ങൾക്ക് വേണ്ടത്ര സമയം തരാതെയുള്ള വരവ്.വീണ്ടും വരും എന്ന മുന്നറിയിപ്പോടെയാണ് ഒന്നാം തരംഗം അടങ്ങിയത്. ഒരുകൊല്ലത്തിലേറെ സമയം സർക്കാരുകൾക്ക് കിട്ടി.

രണ്ടാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾക്കുള്ള സമയമായിരുന്നു അത്. എന്നാൽ, ദുർനയങ്ങളും വർഗീയ അജൻഡയും മുന്നോട്ടു കൊണ്ടുപോകാനാണ് ഈ കാലത്ത് നമ്മുടെ കേന്ദ്ര സർക്കാർ ശ്രമിച്ചത്. അതിന്റെ ദുഷ്ഫലങ്ങൾ രാജ്യം ഇന്ന് നേരിടുകയാണ്.

ഒന്നാം ഘട്ടത്തിലെ അനുഭവങ്ങൾ പകർന്ന ചില പാഠങ്ങൾ പ്രധാനമായിരുന്നു. രോഗബാധിതർക്ക് ചികിത്സയുടെ ഭാഗമായി ഓക്സിജൻ നൽകേണ്ടിവരും എന്ന തിരിച്ചറിവായിരുന്നു അതിലൊന്ന്. ജനങ്ങളോട് പ്രതിബദ്ധതയും കരുതലുമുള്ള ഒരു സർക്കാർ കഴിഞ്ഞ ഒരുവർഷം ശ്രദ്ധയൂന്നേണ്ട കാര്യമായിരുന്നു അത്.

നമ്മുടെ ഓക്സിജൻ ഉൽപ്പാദനം പരമാവധിയാക്കാനും അതിന്റെ ലഭ്യത ഉറപ്പാക്കാനുമുള്ള മുൻകൈ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകണമായിരുന്നു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ നടപടി വേണ്ടിയിരുന്നു. ഇന്ന് രാജ്യം പ്രാണവായു കിട്ടാതെ പിടയുമ്പോഴും ഓക്സിജൻ പ്ലാന്റുകൾക്കുള്ള പല നിർദേശങ്ങളും കേന്ദ്രസർക്കാരിന്റെ അനുമതി കാത്ത് കിടക്കുന്നതായാണ് വാർത്തകൾ.

ഈ വിഷയത്തിൽ കേന്ദ്രസർക്കാർ അനങ്ങിയതുതന്നെ 2020 ഒക്ടോബറിലാണ്. രാജ്യത്തെ 150 ആശുപത്രിയിൽ പ്രെഷർ സ്വിങ്‌ അഡ്സോർപ്ഷൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു. പിന്നീട് അത് 162 പ്ലാന്റാക്കി
ഉയർത്തി. ടെൻഡറും വിളിച്ചു. പക്ഷെ, ആറുമാസം കഴിഞ്ഞിട്ടും ആകെ ആരംഭിച്ചത് 33 പ്ലാന്റ് മാത്രം.

എന്നാൽ, ഇതേ കാലയളവിൽ കേരളം ചെയ്തത് എന്താണെന്ന് ഇന്ന് നമുക്കറിയാം. രണ്ടുവർഷം മുമ്പ് വരെ ഓക്സിജൻ ലഭിക്കാൻ അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നമുക്കിന്ന് ഓക്സിജൻ അധികമാണ്. കഴിഞ്ഞ കോവിഡ് കാലത്ത് അതിര് അടച്ചുപൂട്ടി കേരളത്തോട് യുദ്ധം പ്രഖ്യാപിച്ച കർണാടകത്തിലേക്ക് വരെ ഇന്ന് ഇവിടെനിന്ന്‌ ഓക്സിജൻ നൽകുന്നു. തമിഴ്നാടിനും കർണാടകത്തിനുമായി മാത്രം ഇതുവരെ 100 മെട്രിക്‌ ടൺ മെഡിക്കൽ ഓക്സിജൻ കേരളം നൽകിക്കഴിഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെ ഒരു സംസ്ഥാന സർക്കാർ നീങ്ങിയതിന്റെ ഫലമാണിത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ കഴിയുന്നത്ര മെഡിക്കൽ ഓക്‌സിജൻ ഉൽപ്പാദനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളം. ഇരുനൂറിലേറെ ടൺ ആണ് നമ്മുടെ ഇപ്പോഴത്തെ പ്രതിദിന ഉൽപ്പാദന ശേഷി.

ഇപ്പോൾതന്നെ നൂറ്റമ്പതിലേറെ ടൺ ഉൽപ്പാദിപ്പിക്കുന്നു. കൂടുതൽ ആവശ്യം വന്നാൽ കൂട്ടാനും കഴിയും. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ദിനംപ്രതി 70-80 ടൺ ഓക്സിജനാണ് വേണ്ടിവരുന്നത്. ഇത് ഇനിയും വർധിച്ചാലും നമുക്ക് പിടിച്ചുനിൽക്കാം.

2019 ൽ പാലക്കാട് കഞ്ചിക്കോട്ട് സ്വകാര്യ മേഖലയിൽ തുടങ്ങിയ പ്ലാന്റും കഴിഞ്ഞ ഒക്ടോബറിൽ വ്യവസായ വകുപ്പിന് കീഴിൽ ചവറ കെഎംഎംഎല്ലിൽ തുടങ്ങിയ പ്ലാന്റുമാണ് കേരളത്തെ ഇത്തരത്തിൽ സ്വയംപര്യാപ്തമാക്കിയതിൽ മുഖ്യപങ്ക്. ഇതിൽ കെഎംഎംഎല്ലിലെ പ്ലാന്റ് സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് 1000 ടണ്ണോളം ഓക്‌സിജനാണ് ആറ് മാസത്തിനിടയ്ക്ക് നൽകിയത്

സർക്കാരുകളുടെ സമീപനത്തിലെ ഈ വ്യത്യാസം ആകസ്മികമല്ല. നയങ്ങളുടെ, നിലപാടുകളുടെ വ്യത്യാസമാണത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറി അപരനിൽ ശത്രുവിനെ തെരയുന്നവർക്ക്‌ എന്ത് മനുഷ്യസ്നേഹം ?എന്ത് സാമൂഹ്യപ്രതിബദ്ധത?. ഒപ്പം മുതലാളിത്ത സ്ഥാപിത താൽപ്പര്യങ്ങൾ കൂടി ആകുമ്പോൾ രോഗം പോലും അവർക്ക് കച്ചവടത്തിനുള്ള വിഭവമാകുന്നു. അതുകൊണ്ട് രോഗം വരാതിരിക്കാൻ വാക്സിൻ ലഭിക്കേണ്ട ജനങ്ങളെ കമ്പനികളുടെ ലാഭക്കൊതിക്ക് എറിഞ്ഞുകൊടുക്കുന്നു.

സാമ്പത്തിക വിദഗ്‌ധനും പ്രഭാഷകനും കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ ചൂണ്ടിക്കാട്ടിയതുപോലെ കഴിവില്ലായ്മയുടെയും കാര്യശേഷിയില്ലായ്മയുടെയും ഹൃദയശൂന്യതയുടെയും പ്രതീകമായി ഈ സർക്കാർ മാറി.കേരള സർക്കാരാകട്ടെ സൗജന്യകിറ്റും മറ്റും വഴി ജനജീവിതത്തിന്‌ താങ്ങ് നൽകിയതിനൊപ്പം മഹാമാരി ഒരിക്കൽകൂടി വന്നാൽ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുകകൂടി ചെയ്തു.

അതുകൊണ്ട് രോഗം തീവ്രമായി വ്യാപിച്ചിട്ടും ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കുമായി നമ്മൾ പിടിച്ചുനിൽക്കുന്നു. കരുണയും കരുതലും മുഖമുദ്രയാക്കിയ ഒരു സർക്കാർ ഇങ്ങനെയല്ലാതെ എങ്ങനെ പെരുമാറാൻ?. ഈ കെട്ടകാലത്ത് ഇങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടായതിൽ നമുക്ക് ആശ്വസിക്കാം; അഭിമാനിക്കാം.