പി ജയരാജനെ റോഡിൽ വധിക്കാൻ പദ്ധതി; സുരക്ഷ ശക്തിപ്പെടുത്തി

0
223

സി പി ഐ എം നേതാവ് പി ജയരാജനെ റോഡിൽ അപായപ്പെടുത്താനുള്ള രഹസ്യ പദ്ധതി പുറത്തു വരുന്നു. പ്ലാൻ ലീക്കായതിനെ തുടർന്ന് ജയരാജന്റെ സുരക്ഷ ശക്തിപ്പെടുത്തി.
കേരള രാഷ്ട്രീയം രക്തകലുഷിതമാക്കി സിപിഐഎമ്മിനെ നേരിടാൻ സംഘ പരിവാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തിയതായാണ് വിവരം. റോഡപകടം സൃഷ്ടിച്ചു പി ജയരാജനെ കൊലപ്പെടുത്തി അതിൽ ദുരൂഹത ആരോപിക്കാനും സി പി ഐ എമ്മിനെതിരെ സംശയത്തിന്റെ കുന്തമുന തിരിക്കാനുമുള്ള ആലോചനയാണ് നടന്നത്. കൂത്ത്പറമ്പിൽ എസ് എഫ് ഐ നേതാവ് കെ വി സുധീഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം, സുധീഷ് “ഗൗരിയമ്മ ഗ്രൂപ്പായതു” കൊണ്ട് സി പി എം കൊലപ്പെടുത്തി എന്ന വ്യാജപചാരണത്തിന് ആർ എസ് എസ് തയാറായിരുന്നു. അങ്ങനെ ആരോപിച്ചു നോട്ടീസുകളും ഇറക്കി.

കണ്ണൂരിലെ ചില സംഘ പരിവാർ സ്വാധീന മേഖലകളിലും ഇരിക്കൂറിലെ ഓരത്തൂരിലും കേന്ദ്രീകരിച്ചാണ് പി ജയരാജനെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകൾ നടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വഹനാപകടത്തിൽ പി ജയരാജനെ അപായപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൂർ കേന്ദ്രീകരിച്ചുള്ള കൊലയാളി സംഘമാണെന്നാണ് വിവരം. ഇതിനായി ഇവർ രണ്ട് വലിയ ടിപ്പർ മോഡൽ വാഹനങ്ങൾ ഏർപ്പാടു ചെയ്തതായും വിവരമുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് വരുത്തി തീർക്കാനും തങ്ങളിലേക്ക് സംശയം നീളാതിരിക്കാനുമാണ് ഇത്തരത്തിലുള്ളൊരു മാർഗം സ്വീകരിക്കുന്നത്.

1999 ൽ പി ജയരാജനു നേരെ ആർഎസ്എസ് അക്രമണമുണ്ടായപ്പോൾ പുറത്തു വന്ന അജ്ഞാത നോട്ടീസ്

പി ജയരാജനെ അപായപ്പെടുത്താനുള്ള നീക്കങ്ങൾ കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന വിവരം ഇന്റലിജൻസിന് ലഭിച്ചതായി “മാതൃഭൂമി” റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് സുരക്ഷ ശക്തമാക്കാനുള്ള ഉത്തരവിട്ടത്. അതിനാൽ പി ജയരാജന്റെ യാത്രയിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഐ ജി കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അദ്ദേഹം പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു അദ്ദേഹം തന്നെ അറിയിക്കുകയായിരുന്നു.

പി ജയരാജനെ പരാമർശിച്ച് വിപ്ലവ സൂര്യന്മാർ എന്ന പേരിൽ അച്ചടിച്ച അജ്ഞാത നോട്ടീസ്

1999 ലെ തിരുവോണ നാളിലാണ് പി ജയരാജന്റെ കിഴക്കേ കതിരൂരിലെ വീട്ടിൽ ഓം കാളി വിളികളുമായെത്തിയ ആർഎസ്എസ് സംഘം അദ്ദേഹത്തെ വെട്ടിനുറുക്കിയത്. ഇടത് കൈയ്യിലെ പെരുവിരൽ അന്ന് അവർ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളർന്നു. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോവുകയായിരുന്നു. എന്നാൽ ഈ അക്രമണങ്ങളെ തന്റെ ഇച്ഛാശക്തികൊണ്ട് അതിജിവിച്ച് വർഗീയതയ്ക്കെതരെ വീണ്ടും ശക്തമായ ശബ്ദമായി മാറുകയായിരുന്നു പി ജയരാജൻ. ജയരാജനെതിരെ തുടർന്നും കൊലപാതക ശ്രമങ്ങൾ നടന്നതായി വാർത്തകളുണ്ടായിരുന്നു. പലവേദികളിലും പരസ്യമായി അവർ അത് ആക്രോശിച്ചതുമാണ്. റോഡപകടം സൃഷ്ടിക്കാനായി ഏർപ്പെടുത്തിയ വണ്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ ജയരാജൻ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നതായി വിവരമുണ്ട്.

വാഹനത്തിന്റെ പ്രതീകാത്മക ചിത്രം

തങ്ങളുടെ പദ്ധതിക്ക് പശ്ചാത്തലമൊരുക്കാൻ ഏതാനും നോട്ടീസുകൾ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കണ്ണൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നു. പി ജയരാജനെയും സി പി ഐ എമ്മിനെയും രണ്ടു തട്ടിലായി ചിത്രീകരിക്കുന്ന നോട്ടീസുകളാണിവ. കെട്ടു കണക്കിന് നോട്ടീസുകൾ ചില സ്ഥലങ്ങളിൽ കൊണ്ട് വെക്കുകയായിരുന്നു. ഇതോടെയാണ്, ജയരാജനെ അപായപ്പെടുത്താനുള്ള നീക്കം ഉണ്ടാകുമെന്ന സംശയം വ്യാപകമായത്. തുടർന്നാണ് അക്രമികളുടെ നീക്കങ്ങൾ ശ്രദ്ധിക്കപ്പെട്ടതും രണ്ട് ഭാരത് ബെൻസ് വണ്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതും.