വള്ളികുന്നം അഭിമന്യു വധക്കേസ് : രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

0
88

വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഇല്ലിക്കുന്നം സ്വദേശി ആകാശ്, വള്ളികുന്നം സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പ്രതികളെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത്, ജിഷ്ണു എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ സജയ് ജിത്ത് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനോടുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി. അനന്തുവിനെ ലക്ഷ്യമിട്ടാണ് പ്രതികള്‍ ഉത്സവസ്ഥലത്ത് എത്തിയത്.

ഇതിനിടെ വാക്കേറ്റമുണ്ടാവുകയും അഭിമന്യുവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാര കഴിഞ്ഞദിവസം പടയണിവെട്ടം ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.