ചാരക്കേസ് ഗൂഢാലോചന : ആദ്യം ചോദ്യം ചെയ്യേണ്ടത് ഉമ്മന്‍ ചാണ്ടിയെയും എ.കെ ആന്റണിയെയും- പി.സി ചാക്കോ

0
41

ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്‍.സി.പി നേതാവ് പി.സി ചാക്കോ. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്. സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയുമാണ്.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഈ കേസില്‍ അഴിയാന്‍ പോകുന്നത്. കെ.കരുണാകരനോട് നേരിട്ടു പടവെട്ടി വിജയിക്കാന്‍ കഴിയാത്ത ഭീരുത്വമാണ് എ ഗ്രൂപ്പിന്റെ നേതാക്കളെ അത്തരം ഒരു ഗൂഡാലോചനയിലേക്ക് നയിച്ചത്.

മറ്റെന്തും സഹിക്കാം താന്‍ ഒരു ചാരക്കേസ് പ്രതിയാണെന്ന് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് കരുണാകരന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും എ.കെ ആന്റണിയുടെയും അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞിട്ടുണ്ട്.

സിബി മാത്യൂവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയത് കുറ്റകരമായ ഗൂഢാലോചനയാണ്. ശ്രീവാസ്തവയ്‌ക്കെതിരെ സിബി മാത്യുവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പോലീസിനുള്ളിലെ ഗൂഢാലോചന. കരുണാകരന് എതിരെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നടത്തിയ കോണ്‍ഗ്രസിനുള്ളിലെ ഗൂഢാലോചന.

ഇതെല്ലാം കൂടി ഒന്നിച്ച് വന്നപ്പോള്‍ ബലിയാടായത് ഇന്ത്യയിലെ പ്രഗദ്ഭനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആണ്. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ നിലയ്ക്ക് നിര്‍ത്താന്‍ അന്ന് ഹൈക്കമാന്റിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തെയും സിബി മാത്യൂസിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാതെ ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകില്ലെന്നും പിസി ചാക്കോ പറഞ്ഞു.