ആർഎസ്എസിൻറെ പ്രതിലോമ രാഷ്ട്രീയത്തിൻറെ വാലാകാനാണ് എൻഎസ്എസ് ശ്രമം: എ വിജയരാഘവൻ

0
76

ആർഎസ്എസിൻറെ പ്രതിലോമ രാഷ്ട്രീയത്തിൻറെ വാലാകാൻ എൻഎസ്എസ് ശ്രമിക്കുകയാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ.

ആർഎസ്എസിൻറെ ഹിന്ദുത്വ അജണ്ടയുടെയും സാമ്പത്തിക നയങ്ങളുടെയും വാലാകാനാണ് എൻഎസ്എസ് ശ്രമിക്കുന്നതെന്നും സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സിപിഐഎം സ്വീകരിച്ചിട്ടില്ലെന്നും എ വിജയരാഘവൻ. ദേശാഭിമാനി പത്രത്തിൽ എ‍ഴുതിയ ലേഖനത്തിലാണ് എ വിജയരാഘവൻറെ പ്രതികരണം.

തെരഞ്ഞെടുപ്പിലെ സുകുമാരൻ നായരുടെ നിലപാട് ഇടത് വിരുദ്ധമായിരുന്നു. രാജ്യത്ത് നടക്കുന്ന വർഗീയ ദ്രുവീകരണം സമുദായ സംഘടനകൾ നോക്കുന്നില്ലെന്നും എ വിജയരാഘവൻ.

സുകുമാരൻ നായരുടെ നിലപാട് സമുദായാംഗങ്ങൾ തിരുത്തുമെന്ന് ഉറപ്പാണെന്നും. ഒരു ജാതി മത സംഘടനകളുടെയും അനാവശ്യ സമ്മർദത്തിന് എൽഡിഎഫ് വ‍ഴങ്ങില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.ജാതി മത സംഘടനകൾ അവരുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്നും എ വിജയരാഘവൻ ലേഖനത്തിൽ പറഞ്ഞു.

സ്വന്തം സമുദായത്തിലെ സാധാരണക്കാരുടെ വികാരങ്ങൾ സുകുമാരൻ നായർ കണ്ടില്ലെന്നും സമദൂരം എന്ന എന്ന നയം വിട്ട് പ്രതിലോമ രാഷ്ട്രീയത്തിൻറെ കൂടെ ചേരാൻ എൻഎസ്എസ് തയ്യാറാവില്ലെന്നാണ് കരുതുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. അത്തരത്തിൽ ഒരുനിലപാട് സമുദായാംഗങ്ങൾ അംഗീകരിക്കില്ലെന്നും എ വിജയരാഘവൻ

എ വിജയരാഘവൻറെ ലേഖനത്തിൻറെ പൂർണ രൂപം

കേരളവും രാജ്യവും ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങളേയുള്ളൂ. മെയ് രണ്ടിന് ഫലം പുറത്തുവരുമ്പോൾ കേരളം ചർച്ച ചെയ്ത പല രാഷ്ട്രീയ–-സാമൂഹ്യ പ്രശ്നങ്ങളിലും ജനങ്ങൾക്ക് എന്ത് നിലപാടാണുള്ളതെന്ന് വ്യക്തമാകും. തെരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെട്ട ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും ഫലത്തിൽനിന്ന് നമുക്ക് ലഭിക്കാനുണ്ട്.

സർക്കാരിന്റെ വികസന–-ജനക്ഷേമ പ്രവർത്തനങ്ങളും മതനിരപേക്ഷത സംരക്ഷിക്കാൻ എടുത്ത നിലപാടുകളും ജനങ്ങളിൽ എന്തുമാത്രം സ്വാധീനം ചെലുത്തി? കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിനെതിരെ ബിജെപി നടത്തിയ നീക്കങ്ങളോടും അതിന് പിന്തുണ നൽകിയ യുഡിഎഫ് നിലപാടിനോടും ജനങ്ങൾ എങ്ങനെ പ്രതികരിച്ചു?

ജനകീയപ്രശ്നങ്ങൾ പിറകോട്ടു തള്ളിമാറ്റി മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ പ്രധാനമന്ത്രിയടക്കം നടത്തിയ നീക്കങ്ങൾ ജനങ്ങൾ അംഗീകരിക്കുമോ? മാധ്യമങ്ങളെ ഉപയോഗിച്ച് യുഡിഎഫ് നടത്തിയ അപവാദ പ്രചാരണങ്ങൾ ജനങ്ങളിൽ എന്തു പ്രതികരണമാണുണ്ടാക്കിയത്? ഇടതുപക്ഷത്തിനെതിരെ മുഖ്യധാരാമാധ്യമങ്ങൾ സംഘടിതമായി നടത്തിയ ആക്രമണങ്ങൾ ജനവിധിയെ സ്വാധീനിച്ചിട്ടുണ്ടോ? ഇങ്ങനെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം മെയ് രണ്ടിന് നമുക്ക് ലഭിക്കും.

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടന അംഗീകരിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി പൊതുവേദികളിൽ കയറിനിന്ന് ശരണം വിളിച്ചത് അയ്യപ്പഭക്തിയാണോ വോട്ട് തട്ടാനുള്ള തരംതാണ അടവാണോ എന്ന് ജനങ്ങൾ തീർച്ചയായും പരിഗണിച്ചിട്ടുണ്ടാകും. ജവാഹർലാൽ നെഹ്റുവിൽനിന്ന് നരേന്ദ്ര മോഡിയിലേക്കുള്ള ദൂരം നമുക്ക് അളക്കാൻ കഴിയുന്നതിനുമപ്പുറമാണെന്ന് ഒന്നുകൂടി വ്യക്തമായി.

മതം രാഷ്ട്രീയത്തിലും മതകാര്യങ്ങളിൽ ഭരണകൂടവും ഇടപെടാതിരിക്കുക, എല്ലാ വിശ്വാസികൾക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യം ലഭിക്കുക, ഇതേ സ്വാതന്ത്ര്യവും അവകാശവും അവിശ്വാസികൾക്കും ഉറപ്പ് നൽകുക–- ഇതാണ് മതനിരപേക്ഷതയുടെ പൊരുൾ. ഇതിന് വിരുദ്ധമായി മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിക്കുന്നതാണ് കണ്ടത്.

നായർ സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന എൻഎസ്എസിന്റെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എടുത്ത നിലപാടുകളും വോട്ടെടുപ്പു ദിവസം രാവിലെ നടത്തിയ പ്രതികരണവും വലിയ ചർച്ചയ്‌ക്ക് ഇടയാക്കിയിരുന്നു. സമുദായ സംഘടനകളോട് ഇടതുപക്ഷം പ്രത്യേകിച്ച് സിപിഐ എം സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും സ്വാഭാവികമായി ഇതിനിടയിൽ ഉയർന്നുവന്നു.

സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സിപിഐ എം സ്വീകരിച്ചിട്ടില്ലെന്ന് ആ ഘട്ടത്തിൽത്തന്നെ വ്യക്തമാക്കുകയുണ്ടായി. അവരോട് ഏറ്റുമുട്ടുക എന്നത് സിപിഐ എമ്മിന്റെ നയമല്ല. എന്നാൽ, സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയമായിരുന്നുവെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നൂവെന്ന് അവകാശപ്പെടുന്ന സമുദായം അതൊന്നും അംഗീകരിക്കില്ലെന്നും അന്നേ ഞങ്ങൾ വ്യക്തമാക്കിയതാണ്.

“സാമൂഹ്യ–-സാമ്പത്തിക–-രാഷ്ട്രീയ പ്രശ്നങ്ങളെ ആസ്പദമാക്കി എല്ലാ ജാതി–-മത–-വിഭാഗത്തിലുംപെട്ട ബഹുജനങ്ങളെ വർഗസംഘടനകളിൽ അണിനിരത്തലാണ് കമ്യൂണിസ്റ്റുകാരുടെ മൗലിക രാഷ്ട്രീയ കടമ.

സമുദായ സംഘടനകളോടൊപ്പം ജാതി–- മത രാഷ്ട്രീയത്തോടും സിപിഐ എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇ എം എസ് നമ്പൂതിരിപ്പാട്തന്നെ പലതവണ അക്കാര്യം വിശദീകരിച്ചിട്ടുണ്ട്. “കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ’ എന്ന ഗ്രന്ഥത്തിൽ ഇ എം എസ് ഇങ്ങനെ എഴുതി. “സാമൂഹ്യ–-സാമ്പത്തിക–-രാഷ്ട്രീയ പ്രശ്നങ്ങളെ ആസ്പദമാക്കി എല്ലാ ജാതി–-മത–-വിഭാഗത്തിലുംപെട്ട ബഹുജനങ്ങളെ വർഗസംഘടനകളിൽ അണിനിരത്തലാണ് കമ്യൂണിസ്റ്റുകാരുടെ മൗലിക രാഷ്ട്രീയ കടമ. അതു നിറവേറ്റിയാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയും കേരളത്തിലെ പാർടിയും വളർന്നുവന്നത്’.

“എല്ലാ ജാതി–-മത വിഭാഗത്തിലുംപെട്ട നിക്ഷിപ്ത താൽപ്പര്യക്കാരുടെ എതിർപ്പ് കമ്യൂണിസ്റ്റുകാർക്ക് എല്ലാ ഘട്ടത്തിലും നേരിടേണ്ടി വന്നു. എതിർപ്പിനെ നേരിട്ടുകൊണ്ട് തൊഴിലാളി വർഗത്തിന്റെയും മറ്റ്‌ അധ്വാനിക്കുന്ന ബഹുജനങ്ങളുടെയും വർഗപരമായ ഐക്യം ഊട്ടിയുണ്ടാക്കാൻ കമ്യൂണിസ്റ്റുകാർ ശ്രമിച്ചു. അതിന്റെ ഫലമായി എല്ലാ ജാതി–-മത വിഭാഗത്തിലുംപെട്ട ജനലക്ഷങ്ങൾ കമ്യൂണിസ്റ്റ് പാർടിയുടെ കൊടിക്കീഴിൽ അണിനിരന്നു’. ഇതാണ് സിപിഐ എമ്മിന്റെ സുവ്യക്തമായ നിലപാട്.

മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർ ഉൾപ്പെടെ എല്ലാ സമുദായത്തിലുംപെട്ട പാവപ്പെട്ട ജനങ്ങളുടെ താൽപ്പര്യത്തിനുവേണ്ടിയാണ് പാർടി നിലകൊള്ളുന്നത്.
ആർഎസ്എസിന്റെ അജൻഡപ്രകാരം തീവ്രവർഗീയ നിലപാടുകളുമായി കേന്ദ്രത്തിലെ ബിജെപി സർക്കാർ മുമ്പോട്ടുപോകുകയാണ്. വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളുടെ ഐക്യം തകർക്കുന്ന ഈ നയവും കോർപറേറ്റ് അനുകൂല സാമ്പത്തിക നയവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഈ രണ്ടു വിപത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇടതുപക്ഷം ഇന്ത്യയിൽ നടത്തുന്നത്.

വർഗീയധ്രുവീകരണവും സാമ്പത്തികപരിഷ്കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻഎസ്എസിനെപ്പോലുള്ള സമുദായ സംഘടനകൾ നോക്കുന്നില്ല. ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ സമുദായ സംഘടനകൾ ശ്രമിക്കുന്നത്, അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താൽപ്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെപ്പോലുള്ള നേതാക്കൾ മനസ്സിലാക്കണം.

ഏതായാലും, നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തിൽ നിന്നുണ്ടാകുക എന്നത് ഉറപ്പാണ്.

അപരിഷ്കൃതമായ ആചാരങ്ങൾക്കും ജാതീയമായ അടിച്ചമർത്തലുകൾക്കും എതിരെ നടന്ന നവോത്ഥാന സമരങ്ങളിൽ സമുദായസംഘടനകളും മന്നത്ത് പത്മനാഭനെപ്പോലുള്ള നേതാക്കളും വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകില്ല. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദിവാൻ ഭരണത്തിനെതിരായ സമരത്തിൽ കമ്യൂണിസ്റ്റുകാർക്കും മറ്റു ഇടതുപക്ഷക്കാർക്കുമൊപ്പം ചില സമുദായസംഘടനാ നേതാക്കളും പ്രവർത്തകരും പങ്കുകൊണ്ടു എന്നതും വിസ്മരിക്കാനാകില്ല.

എന്നാൽ, ഇതേ സമുദായ സംഘടനകൾതന്നെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചനസമരത്തിൽ പ്രതിലോമ ശക്തികളോടൊപ്പം ചേർന്നു എന്നതും ചരിത്രത്തിന്റെ ഭാഗം. അക്കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളിൽനിന്ന് മാറി സ്വന്തം സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാനാണ് പിൽക്കാലത്ത് എൻഎസ്എസ് പോലുള്ള സംഘടനകൾ തയ്യാറായത്. ഈ മാറ്റം നാടിനും സ്വന്തം സമുദായത്തിനും നല്ലതാണെന്നാണ് സിപിഐ എം കാണുന്നത്.

അടുത്ത കാലംവരെ എൻഎസ്എസ് സ്വീകരിച്ചിരുന്ന സമദൂരം എന്ന നയം ഈ മാറ്റത്തിന്റെ തുടർച്ചയാണ്. സമദൂരം എന്നതുവിട്ട് ഇടതുപക്ഷവിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ ചേരാൻ എൻഎസ്എസിന് കഴിയില്ലെന്നാണ് കരുതുന്നത്. കാരണം, സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അത്‌ അംഗീകരിക്കില്ല.

അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ സുകുമാരൻ നായർ എടുത്ത നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്ന് പറഞ്ഞത്. ഏതായാലും, നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തിൽ നിന്നുണ്ടാകുക എന്നത് ഉറപ്പാണ്.

മുന്നോക്ക ജാതികളിൽപ്പെട്ട പാവങ്ങളും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവശതകൾ നേരിടുന്നുണ്ടെന്ന് നേരത്തേ തുറന്നുപറഞ്ഞ പ്രസ്ഥാനമാണ് സിപിഐ എം. സാമൂഹ്യരംഗത്തെ അവശതകൾക്ക് എതിരായ സമരത്തെ സാമ്പത്തികവും രാഷ്ട്രീയവുമടക്കം എല്ലാ രംഗങ്ങളിലും നടക്കുന്ന വർഗസമരത്തിന്റെ അഭേദ്യഭാഗമായിട്ടാണ് പാർടി കാണുന്നത്.

മുന്നാക്ക വിഭാഗം ഉൾപ്പെടെ എല്ലാ സമുദായത്തിലുംപെട്ട പാവപ്പെട്ടവരുടെ സംവരണം പോലുള്ള ആവശ്യങ്ങൾക്ക് ഇടതുപക്ഷം പിന്തുണ നൽകുന്നത് ഈ കാഴ്ചപ്പാടോടെയാണ്. അല്ലാതെ, ഏതെങ്കിലും സമുദായസംഘടനയുടെ ആവശ്യത്തിന് വഴങ്ങിയല്ല.

സംവരണേതര വിഭാഗങ്ങൾക്ക് പത്ത്‌ ശതമാനം സംവരണം നൽകണമെന്ന സിപിഐ എം ആവശ്യം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി ആവശ്യമായിരുന്നു. അടുത്ത കാലത്ത് ആ ഭരണഘടനാ ഭേദഗതി വന്നപ്പോൾ പത്തു ശതമാനം സംവരണം ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ദേവസ്വം ബോർഡിൽ ഭരണഘടനാ ഭേദഗതിയില്ലാതെ പത്തുശതമാനം സംവരണം നടപ്പാക്കാൻ കഴിയുമായിരുന്നു. അത്‌ പിണറായി വിജയൻ സർക്കാർ നേരത്തേ ചെയ്തു. സംവരണം സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ ഇ എം എസിനെത്തന്നെ ഉദ്ധരിക്കാം:

“സംവരണം പോലുള്ള രക്ഷാവ്യവസ്ഥകൊണ്ടുമാത്രം അവശ വിഭാഗങ്ങളിൽപ്പെട്ട ബഹുഭൂരിപക്ഷത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നില്ല. മുതലാളിത്ത വളർച്ചയുടെ ഫലമായി സാമ്പത്തിക–- സാമൂഹ്യരംഗങ്ങളിലെ അവശതകൾ കൂടുതൽ കൂടുതൽ മൂർച്ഛിച്ചുവരികയാണ്’ (ഇ എം എസ്, കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ). എന്നാൽ, സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസംവരണവും വിദ്യാഭ്യാസ സംവരണവും തുടരേണ്ടതാണെന്ന് പാർടി കാണുന്നു.

എൻഎസ്എസുമായി ഏറ്റുമുട്ടാൻ താൽപ്പര്യമില്ലെന്ന് നേരത്തേ പറഞ്ഞുവല്ലോ. സർക്കാരിനുമുമ്പിൽ എൻഎസ്എസ് ഉന്നയിച്ച ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം പരിഗണിക്കുകയാണുണ്ടായത്. ഇതു പറയുമ്പോൾ ഒരു കാര്യം വ്യക്തമാക്കണം. ഒരു ജാതി–-മത സംഘടനയുടെയും അനാവശ്യ സമ്മർദത്തിന് വഴങ്ങാൻ എൽഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. തുടർന്നും അതുതന്നെയായിരിക്കും നിലപാട്. സമുദായ സംഘടനകൾ അവരുടെ പരിധിയിൽനിന്ന് പ്രവർത്തിക്കട്ടെ, പരിധി വിടുമ്പോഴേ പ്രശ്നമുള്ളൂ.