സംസ്ഥാനത്ത് മാസ് ടെസ്റ്റിം​ഗ് : 45 വയസ്സിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടും

0
83

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനം കൂട്ടപ്പരിശോധനയിലേക്ക്. 16,17 തീയതികളില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം ആളുകളില്‍ കോവിഡ് പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പരിശോധന, വാക്‌സിന്‍, നിയന്ത്രണങ്ങള്‍ എന്നീ ക്യാമ്പയിനുകളാണ് കോവിഡ് പ്രതിരോധത്തിനായി കേരളം മുന്നോട്ടുവെയ്ക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് 2-2.5 ലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മുന്‍ഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കാവും മുന്‍ഗണന. 45 വയസ്സിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടും.

60 ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്. 7,25,300 ലക്ഷം ഡോസ് വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. ഇത് ജനങ്ങള്‍ക്ക് വിതരണം ചെയ്യും. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യും.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. പൊതുസ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ മുന്‍കൂറായി അധികൃതരെ അറിയിക്കണം. ഹോം ഡെലിവറി സംവിധാനം വര്‍ധിപ്പിക്കണം.

തീയറ്ററുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശം തീയറ്ററുകള്‍ക്കും ബാറുകള്‍ക്കും ബാധകമാണ്.

പൊതുപരിപാടികളില്‍ പരമാവധി 150 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതിയുള്ളത്.

ലോക്ക്ഡൗണ്‍ നിലവില്‍ ആലോചനയില്‍ ഇല്ല. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.