ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം ; സുപ്രീംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

0
61

ജീവനക്കാരിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതിവളപ്പിൽ കൂട്ടംകൂടുന്നത് വിലക്കി. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോടതിയിലേക്ക് വരരുത്.

രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാരും അഭിഭാഷകരും ആർടി പിസിആർ പരിശോധന നടത്തണമെന്നും, മൂന്ന് പേരിൽ കൂടുതൽ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാർ സർക്കുലർ പുറത്തിറക്കി.

അതേസമയം, ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയർത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നതും.

1,38,73,825 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1027 പേർ കൊവിഡ് രോഗത്തെ തുടർന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 1,72,085 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,339 പേർ രോഗമുക്തരായി. 1,23,36,036 പേരാണ് ഇതുവരെ രോഗത്തിൽ നിന്നും മുക്തി നേടിയത്. 13,65,704 രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവിൽ കൊവിഡ് രോഗത്തിന് ചികിത്സയിൽ കഴിയുന്നുണ്ട്.