കോവിഡ്‌ രണ്ടാംതരംഗം : ഒറ്റ ദിവസം 879 മരണം : 1,61,736 രോ​ഗികള്‍

0
77

രാജ്യത്ത്‌ കോവിഡ്‌ രണ്ടാംതരംഗം ഭീതി വിതച്ച്‌ വ്യാപിക്കുന്നു. 24 മണിക്കൂറിൽ 1,61,736 രോ​ഗികള്‍, 879 മരണം. ആകെ രോ​ഗികളുടെ എണ്ണം 1,36,89,453, മരണം 1,71,058. രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത്‌ രണ്ടാമതും മരണസംഖ്യയില്‍ നാലാംസ്ഥാനത്തുമാണ്‌.

16 സംസ്ഥാനത്ത് രോ​ഗം കുതിച്ചുയരുന്നുവെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര(51,751), ഉത്തർപ്രദേശ്‌(13,604), ഛത്തീസ്‌ഗഢ്‌( 13,576), ഡൽഹി(11,491), കർണാടകം(9,579), തമിഴ്‌നാട്‌(6,711), മധ്യപ്രദേശ്‌(6,489), ഗുജറാത്ത്‌(6,021), രാജസ്ഥാൻ (5,711) രോ​ഗികള്‍.ചികിത്സയിലുള്ളവരുടെ എണ്ണം 12,64,698 ആയി.

സ്ഥിതി നിയന്ത്രണാതീതമായ മഹാരാഷ്ട്ര സമ്പൂർണ അടച്ചുപൂട്ടലിലേക്ക് നീങ്ങി. മഹാരാഷ്ട്രയിലെ പാൽഘർ ആശുപത്രിയിൽ ഏഴ്‌ പേർ മരിച്ചത്‌ ഓക്‌സിജൻ ലഭിക്കാത്തതുകൊണ്ടാണെന്ന്‌ ബന്ധുക്കൾ ആരോപിച്ചു. ഡൽഹിയിൽ ചൊവ്വാഴ്‌ച 13,500 പേർക്ക്‌ രോ​ഗം റിപ്പോർട്ട്‌ ചെയ്‌തതോടെ സിബിഎസ്‌ഇ ബോർഡ്‌ പരീക്ഷ മാറ്റിവയ്‌ക്കാന്‍ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. 45 വയസ്സുകഴിഞ്ഞവര്‍ ഉടന്‍ വാക്‌സിൻ എടുക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ബിഹാറിൽ രോ​ഗികളുടെ പ്രതിവാര കണക്കില്‍ വര്‍ധന നാലുമടങ്ങ്. ഈമാസംഅഞ്ചുമുതല്‍ 11വരെ 14,852രോ​ഗികള്‍. തൊട്ടുമുമ്പുള്ള ആഴ്‌ചയിൽ 3,422 രോ​ഗികള്‍ മാത്രം.വര്‍ധന 334 ശതമാനം. ഉത്തർപ്രദേശില്‍ സമാന കലയളവില്‍ വര്‍ധന 281 ശതമാനം. അഞ്ചുമുതൽ 11 വരെയുള്ള ആഴ്‌ചയിൽ 62,005 രോ​ഗികള്‍, തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 16,269 പേര്‍ മാത്രം.

രാജസ്ഥാനിൽ 183 ശതമാനവും ഉത്തരാഖണ്ഡിൽ 182 ശതമാനവും വര്‍ധന. തെരഞ്ഞെടുപ്പ്‌ നടന്ന അസമില്‍ പ്രതിവാരകണക്കില്‍ വര്‍ധന നാലുമടങ്ങ്.

കോവിഡ്‌ രണ്ടാംതരംഗം പിടിമുറുക്കിയ ഛത്തീസ്‌ഗഢിലെ സർക്കാർആശുപത്രിയിൽ മൃതദേഹങ്ങൾ കുന്നുകൂടി. റായ്‌പുരിലെ ഭീംറാവു അംബേദ്‌കർ ആശുപത്രിയിൽ ഫ്രീസറുകൾ നിറഞ്ഞതോടെ വരാന്തയിലും നിലത്തും മൃതദേഹങ്ങൾ വെള്ളപുതപ്പിച്ച്‌ കിടത്തി. ‘ഒന്നും രണ്ടും മരണം സംഭവിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 10–-20 മരണം വരെ. ഈ മൃതദേഹങ്ങൾക്കുള്ള സ്ഥലം കഷ്ടിച്ച്‌ ഉണ്ടാക്കിയാൽ അടുത്ത ദിവസം 50–-60 മരണം സംഭവിക്കുന്നു’–- റായ്‌പുർ ചീഫ്‌മെഡിക്കൽ ആൻഡ്‌ ഹെൽത്ത്‌ ഓഫീസർ മീരാഭാഗേൽ പറഞ്ഞു.

റായ്‌പുർ നഗരത്തിൽ മാത്രം ദിവസം 55 മൃതദേഹം സംസ്‌കരിക്കുന്നു. ഭൂരിഭാ​ഗവും കോവിഡ്‌ രോഗികളുടേത്. ഛത്തീസ്‌ഗഢിൽ ഇതുവരെ രോ​ഗികള്‍ 4.4 ലക്ഷം കടന്നു, മരണം 4,899. മൃതദേഹം അർഹിച്ച ആദരവോടെ സംസ്‌കരിക്കണമെന്ന് കോടതി ഉത്തരവ് പോലും പാലിക്കാനാകാത്ത ​ഗതി​കേടിലാണ് ആശുപത്രി അധികൃതർ. മിക്ക ആശുപത്രിയിലും തീവ്രപരിചരണവിഭാഗം നിറഞ്ഞു. വരുംദിവസങ്ങളിൽ എല്ലാ ആശുപത്രിയും നിറയുമെന്ന ആശങ്കയിലാണ് ആരോ​ഗ്യപ്രവര്‍ത്തകര്‍.

കോവിഡ്‌ മരണനിരക്ക്‌ കുതിച്ചതോടെ തിരക്ക്‌ താങ്ങാനാകാതെ ഗുജറാത്തിലെ ശ്‌മശാനങ്ങൾ. ദിനംപ്രതി 100 മൃതദേഹം സംസ്കരിക്കേണ്ടിവരുന്ന സൂറത്തിലെ ശ്‌മശാനങ്ങളിൽ മൃതദേഹം സംസ്‌കരിക്കാൻ വയ്‌ക്കുന്ന വാതക ഫർണസുകളുടെ ലോഹഫ്രെയിമും ചിമ്മിനിയും അമിത ചൂടിൽ ഉരുകി.

പല ഭാഗങ്ങളും പൊട്ടിയടർന്നു. വാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കുരുക്ഷേത്ര ശ്‌‌മശാനം, അശ്വനി ശ്‌മശാനം എന്നിവിടങ്ങളിലായി 16‌ ഫർണസ്‌ രാപ്പകൽ തുടർച്ചയായി പ്രവർത്തിക്കുകയാണ്‌. പലതിനും ദിവസവും അറ്റകുറ്റപ്പണി ആവശ്യമായി വന്നു. ഫർണസുകളുടെ ചൂട്‌ 600 ഡിഗ്രി സെൽഷ്യസുവരെയായി. കോവിഡ്‌ വ്യാപനത്തിനുമുമ്പ്‌ ദിവസം ശരാശരി 30 മൃതദേഹമാണ്‌ സംസ്‌കരിച്ചിരുന്നത്‌. നിലവിൽ 100 മൃതദേഹമാണ്‌ ദഹിപ്പിക്കുന്നതെന്ന്‌ കുരുക്ഷേത്ര ശ്‌മശാനത്തിന്റെ പ്രസിഡന്റ്‌ കമലേഷ്‌ സെയ്‌ലറും‌ അശ്വനി ശ്‌മശാനത്തിന്റെ മാനേജർ പ്രശാന്ത്‌ കബ്രവാലയും പറഞ്ഞു. പഴയ രീതിയിൽ വിറകുകൊണ്ട്‌ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്‌ വർധിപ്പിച്ചെന്നും ഇവർ പറഞ്ഞു.

മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ്‌ രോഗിക്ക്‌ കിടക്കകിട്ടാത്തതിനെ തുടർന്ന്‌ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമണം നടത്തി. ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും കോവിഡ്‌ ചികിത്സാ സാമഗ്രികൾ തല്ലിത്തകർക്കുകയും ചെയ്‌തു. പലാസിയയിലെ ഗ്രേറ്റർ കൈലാഷ് ആശുപത്രിയിൽ തിങ്കളാഴ്‌ച രാത്രിയാണ്‌ അതിക്രമമുണ്ടായത്‌. കിടക്ക ഒഴിവില്ലാത്തതിനാലാണ്‌ രോഗിയെ പ്രവേശിപ്പിക്കാനാകില്ലെന്ന്‌ അറിയിച്ചതെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു. 90 കിടക്കയാണ്‌ ഇവിടെ കോവിഡ്‌ രോഗികൾ‌ക്ക്‌ നീക്കിവച്ചിട്ടുള്ളത്‌. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ്‌ പറഞ്ഞു.