ടോക്യോ മിഴി തുറക്കാൻ 100 ദിനങ്ങൾ

0
72

അനിശ്‌ചിതത്വത്തിന്റെ വഴികൾ കടന്ന്‌ ടോക്യോ കൺതുറക്കുന്നു. ഒളിമ്പിക്‌സ്‌ ദീപം തെളിയാൻ ഇനി 100 ദിനങ്ങൾ. കോവിഡ്‌ കാരണം മാറ്റിവച്ച ഒളിമ്പിക്‌സിനാണ്‌ ജൂലൈ 23ന്‌ തിരിതെളിയാൻ പോകുന്നത്‌.

ഇപ്പോഴും പ്രതിസന്ധികൾ തന്നെയാണ്‌ ടോക്യോയിൽ. പൂർണപ്രഭാവത്തോടെ മേള നടക്കില്ലെന്ന്‌ ഉറപ്പാണ്‌. കോവിഡ്‌ ഭീഷണി അവസാനിച്ചിട്ടില്ല. ജപ്പാനിൽ ആളുകൾക്ക്‌ മേളയോടുള്ള അതൃപ്‌തി മറനീക്കുന്നു. ഓരോ ദിനവും ഉയരുന്ന ചെലവുകൾ.

വിദേശ കാണികൾക്കുള്ള വിലക്ക്‌. ഉത്തരകൊറിയയുടെ പിന്മാറ്റം. ഇതിനിടെ ലൈംഗികപരാമർശം നടത്തിയതിന്‌ ഒളിമ്പിക്‌ സംഘാടകസമിതി തലവൻ യോഷിറോ മോറി രാജിവയ്‌ക്കുകയും ചെയ്‌തു.

2013ലാണ്‌ ടോക്യോ വേദി ഉറപ്പാകുന്നത്‌. ജപ്പാൻ ആഘോഷിച്ചു. 2019 ആകുമ്പോഴേക്കും മേളയ്‌ക്കുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. എന്നാൽ, കോവിഡ്‌ പടർന്നതോടെ എല്ലാം താളംതെറ്റി. 2020 മാർച്ച്‌ 24ന്‌ ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കുന്നതായുള്ള പ്രഖ്യാപനം വന്നു. ഒരുവർഷത്തേക്ക്‌ നീട്ടാൻ തീരുമാനം. കോവിഡ്‌ വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചാൽ മേള ഉപേക്ഷിക്കുമെന്നും രാജ്യാന്തര ഒളിമ്പിക്‌ സമിതി വ്യക്തമാക്കി.

ഈവർഷം ജനുവരിയിൽ ജപ്പാനിൽ കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിച്ചതോടെ മേള ഉപേക്ഷിക്കാനുള്ള ആവശ്യം ശക്തമായി. എന്നാൽ, സംഘാടകസമിതിയും ഐഒസിയും ജപ്പാൻ സർക്കാരും ഏതുവിധേനയും നടത്തുമെന്ന്‌ പ്രഖ്യാപിച്ചു. വിദേശ കാണികളെ വിലക്കിയതും വിവാദമായി. പിന്നാലെയായിരുന്നു കോവിഡിന്റെ പേരിൽ ഉത്തരകൊറിയ പിന്മാറ്റം പ്രഖ്യാപിച്ചത്‌.