കിഴക്കമ്പലത്ത്‌ ട്വന്റി ട്വന്റി ഫണ്ട്‌ വെട്ടിപ്പ്‌; ലക്ഷങ്ങളുടെ ദുരുപയോഗം കണ്ടെത്തി

0
110

ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ ലക്ഷങ്ങളുടെ ഫണ്ട്‌ സ്വകാര്യ ആവശ്യത്തിനായി ദുർവിനിയോഗം ചെയ്‌തതായി ഇന്റലിജൻസ്‌ റിപ്പോർട്ട്‌. കിറ്റക്‌സ്‌ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച്‌ ആറ്‌ റോഡ്‌ നിർമിച്ചു‌.

കിറ്റക്‌സ്‌ എംഡിയുടെ ഉടമസ്ഥതതയിലുള്ള ഭൂമിയോട്‌ ചേർന്ന തോടുകളുടെ അരിക്‌ കെട്ടാനും പൊതുഫണ്ട്‌ ദുരുപയോഗിച്ചു‌. ഫണ്ട്‌ വിനിയോഗം വിജിലൻസ്‌ അന്വേഷിക്കണമെന്നും ഇന്റലിജൻസ്‌ മേധാവി ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ കൈമാറിയ റിപ്പോർട്ടിൽ ശുപാർശചെയ്‌തു.

കിറ്റക്‌സിനോട്‌ ചേർന്ന സ്ഥലത്ത് നെൽവയൽ– -തണ്ണീർത്തടം നിയമം ലംഘിച്ചെന്ന ഗുരുതര കണ്ടെത്തലുമുണ്ട്‌‌. ഇവ പ്രാഥമിക പരിശോധനയ്‌ക്കായി തദ്ദേശഭരണ അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ കൈമാറി. കിഴക്കമ്പലം പഞ്ചായത്തിലെ വികസന ഫണ്ടിന്റെ ഉപയോഗം നിരീക്ഷിക്കണമെന്നും ഇന്റലിജൻസ്‌ ശുപാർശ ചെയ്‌തു‌. പെർഫോമൻസ്‌ ഓഡിറ്റ്‌ വിഭാഗത്തെക്കൊണ്ട്‌ ഫണ്ട്‌ വിനിയോഗം വിശദമായി പരിശോധിപ്പിക്കാനാണ്‌ തദ്ദേശഭണവകുപ്പ്‌ തീരുമാനം.

പഞ്ചായത്ത്‌ ഫണ്ട്‌ ദുരുപയോഗത്തെക്കുറിച്ച്‌ ഒട്ടേറെ പരാതി സർക്കാരിന്‌ ലഭിച്ചിരുന്നു. ഒട്ടേറെ വാർത്തയും വന്നിരുന്നു. തുടർന്നാണ്‌ ഇന്റലിജൻസ്‌ എറണാകുളം സംഘം പരിശോധന നടത്തിയത്‌. 2015–-19ൽ കിറ്റക്‌സ്‌ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളുടെ പേരിൽ എംഡി സാബു എം ജേക്കബ്‌ പുത്തൻകുരിശ്‌ സബ്‌ രജിസ്‌ട്രാർ ഓഫീസിൽ 44 ആധാരം രജിസ്റ്റർ ചെയ്‌തതായി ഇന്റലിജൻസ്‌ റിപ്പോർട്ടിൽ പറയുന്നു. ഈ സ്ഥലങ്ങളുമായി ബന്ധപ്പട്ട്‌ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച്‌ ആറ്‌ റോഡ്‌ നിർമിച്ചു. ഇവയുടെ വിശദമായ പട്ടികയും ഇന്റലിജൻസ്‌ കൈമാറി.

കിഴക്കമ്പലം പൂക്കാട്ടുപടി പിഡബ്ല്യുഡി റോഡിന്‌ സ്ഥലം ഏറ്റെടുത്തതിന്‌ ഭൂ ഉടമകൾക്ക്‌ പ്രതിഫലം നൽകിയിട്ടില്ലെന്ന്‌ ആരോപണമുള്ളതായും റിപ്പോർട്ടിലുണ്ട്‌.