ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും അനധികൃതം ; കോടികളുടെ ഇടപാട് രേഖകളും പിടിച്ചെടുത്തു

0
78

അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് കുരുക്ക് മുറുകുന്നു. ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത സ്വര്‍ണവും അനധികൃതമാണെന്ന് തെളിഞ്ഞു. 491 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തത്. കണക്കില്‍പെട്ട സ്വര്‍ണമാണ് ഇതെന്നായിരുന്നു കെ എം ഷാജിയുടെ വാദം.

160 ഗ്രാം സ്വര്‍ണമാണ് തന്റെ കൈവശമുള്ളതെന്നായിരുന്നു കെഎം ഷാജി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചത്. ഇതോടെ വിജിലന്‍സ് കണ്ടെടുത്ത 491 ഗ്രാം സ്വര്‍ണത്തില്‍ 331 ഗ്രാം സ്വര്‍ണവും കണക്കില്‍പ്പെടാത്തതെന്ന് വ്യക്തമായി.

റെയ്ഡില്‍ കോടികളുടെ സാമ്പത്തിക ഭൂമി ഇടപാട് രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ വിജിലന്‍സ് ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപയും കണക്കില്‍പെടാത്തതായി വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

ഷാജിയുടെ സാമ്പത്തിക – ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകള്‍ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. പരിശോധനയില്‍ വിദേശ കറന്‍സി ശേഖരവും കണ്ടെത്തി. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോര്‍ട്ട് രേഖകളും വിജിലന്‍സ് ശേഖരിച്ചു.

ഷാജിയുടെ കോഴിക്കോടും കണ്ണൂരിലുമുള്ള വീടുകളില്‍ തിങ്കളാഴ്ച രാവിലെ തുടങ്ങിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഷാജിയുടെ അനധികൃത സ്വത്ത് സംബന്ധിച്ച് അഡ്വ. എം ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തി. വരവില്‍ കവിഞ്ഞ് സ്വത്തുണ്ടെന്ന് കോടതിക്ക് റിപ്പോര്‍ട്ടും നല്‍കി.

ഇതില്‍ വിജിലന്‍സിന് സ്വന്തം നിലയില്‍ കേസെടുക്കാമെന്ന് വിജിലന്‍സ് കോടതി വിധിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകാനുമതി വേണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഷാജിയെക്കുറിച്ചുള്ള പരാതികള്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ചിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ ഷാജി കൈപ്പറ്റിയെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.

ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെയും കോഴിക്കോട് മാലൂര്‍ക്കുന്നിലെയും വീടുകള്‍ ഭാര്യ ആശയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വരുമാന സ്രോതസ്സ് കാണിക്കാന്‍ ഷാജിക്ക് കഴിഞ്ഞില്ല. തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടെ കബളിപ്പിച്ചാണ് ഷാജി വീട് നിര്‍മിച്ചത്. അഴിമതി വാര്‍ത്തയായതിന് പിന്നാലെ വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ ഷാജി അപേക്ഷ നല്‍കി. എന്നാല്‍ ഈ അപേക്ഷയിലും കൃത്രിമം ഉണ്ടായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. പരിശോധന രാത്രി 11ഓടെ അവസാനിച്ചു.