കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ അർധരാത്രി റെയ്‌ഡ് ; ഡി.ജെയടക്കം 4 പേർ അറസ്റ്റില്‍

0
94

കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഡിജെയടക്കം നാലുപേര്‍ അറസ്റ്റില്‍. എംഡിഎംഎയും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ കണ്ടെടുത്തു. പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ശനിയാഴ്‌ച രാത്രി 11.40ന് കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളിലേക്ക് കസ്റ്റംസ് പ്രിവന്‍റീവും സംസ്ഥാന എക്സൈസും ഇടിച്ചുകയറി. രണ്ട് ഏജന്‍സികളും ഒരുമിച്ചുള്ള നടപടി അപൂര്‍വമായിരുന്നു. പാര്‍ട്ടി നിര്‍ത്തി പരിശോധന തുടങ്ങി. പാര്‍ട്ടികളിലെത്തിയവരുടെ കയ്യില്‍ ലഹരിമരുന്നുണ്ടോ എന്നായിരുന്നു ആദ്യ പരിശോധന.

പരിശോധനയ്ക്ക് ശേഷം ഓരോരുത്തരെയായി വിട്ടയച്ചു. ഇത് മണിക്കൂറുകള്‍ നീണ്ടു. രണ്ടു ഹോട്ടലുകളിലെ റെയ്‌ഡില്‍ ചെറിയ തോതിലുള്ള ലഹരിമരുന്നുകള്‍ മാത്രമാണ് കണ്ടെത്താനായത്. ഹോട്ടലുകളിലെ മുറികള്‍ കേന്ദ്രീകരിച്ചു പരിശോധന തുടര്‍ന്നപ്പോഴാണ് പാലാരിവട്ടത്തെ ആഡംബര ഹോട്ടലില്‍നിന്ന് എംഡിഎംഎയും കെമിക്കല്‍ ഡ്രഗുകളുമടക്കം ചിലര്‍ പിടിയിലായത്.

നിശാ പാര്‍ട്ടിയ്ക്കായി എത്തി മുറിയെടുത്തു ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നു ഇവര്‍. കസ്സ്റ്റംസ് ഡോഗ് സ്ക്വാഡിലെ സ്നിഫര്‍ ഡോഗാണ് ലഹരിമരുന്ന് മണംപിടിച്ച് കണ്ടെത്തിയത്. നഗരത്തിലെ ലഹരിമരുന്ന് പാര്‍ട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും കസ്റ്റംസ് വ്യക്തമാക്കി.