കേന്ദ്രത്തിന്റെ ആസൂത്രണം പാളി ; ദിവസം 12 ലക്ഷം വാക്‌സിൻ കുറവ്

0
36

രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്റെ ക്ഷാമം അതീവ രൂക്ഷമാകും. പ്രതിദിനം ആവശ്യമുള്ള ഡോസുകളുടെ എണ്ണവും ഉൽപ്പാദനവും തമ്മിലുള്ള അന്തരമേറുന്നു. ദിവസം ശരാശരി 35 ലക്ഷം ഡോസ്‌ കുത്തിവയ്‌ക്കുമ്പോൾ ഉൽപ്പാദിപ്പിക്കുന്നത്‌ 23 ലക്ഷം ഡോസ്‌ മാത്രം. കോവിഡ്‌ രണ്ടാം വ്യാപനം തീവ്രമായ സാഹചര്യത്തിൽ വാക്‌സിൻ ക്ഷാമം വരും ദിവസങ്ങളിൽ കടുക്കും.

കേന്ദ്ര സർക്കാർ കണക്കുകൂട്ടലില്ലാതെ വാക്‌സിൻ കയറ്റുമതി ചെയ്‌തതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്ര, തെലങ്കാന, ഉത്തർപ്രദേശ്‌, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പല കുത്തിവയ്‌പ് കേന്ദ്രങ്ങളും അടച്ചു.
മുംബൈയിൽ സ്വകാര്യ ആശുപത്രികളിൽ‌ കുത്തിവയ്‌പ് തിങ്കളാഴ്‌ചവരെ‌ നിർത്തിവച്ചു.

പത്തു കോടിയോടടുത്ത്‌ വാക്‌സിൻ ഡോസുകളാണ്‌ രാജ്യത്ത്‌ ഇതുവരെ കുത്തിവച്ചത്‌. കേന്ദ്രം വിതരണം ചെയ്‌തതിൽ എല്ലാ സംസ്ഥാനങ്ങളിലുമായി ശേഷിക്കുന്നത്‌ 1.55 കോടിയോളം മാത്രം‌.

കഷ്ടിച്ച്‌ അഞ്ചുദിവസത്തേക്ക്‌ മാത്രമാണ്‌ ശേഷിക്കുന്നത്‌. 2.23 കോടി ഡോസ്‌ വിതരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നാണ്‌ കേന്ദ്രത്തിന്റെ അവകാശം‌. ഇതുകൂടിയായാലും 11 ദിവസത്തേക്കേയുള്ളു.

സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിനുമാണ്‌ ഇന്ത്യയിൽ നൽകുന്നത്‌. സിറം ഇൻസ്റ്റിറ്റ്യൂട്ട്‌ ആറു കോടിയും ഭാരത്‌ ബയോടെക് ഒരു കോടിയും ഡോസാണ് പ്രതിമാസം ഉൽപ്പാദിപ്പിക്കുന്നത്‌.

ഉൽപ്പാദനം കുട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിയന്തര പരിഹാരത്തിന്‌ സാധ്യത കുറവാണ്‌. പ്രതിമാസ ഉൽപ്പാദനം മെയ്‌ പകുതിയോടെ 10 കോടിയാക്കാൻ‌ സിറവും രണ്ടര കോടിയാക്കാൻ‌ ബയോടെക്കും ലക്ഷ്യമിടുന്നു‌. വാക്‌സിൻ വിതരണം ആസൂത്രണം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ചയാണ്‌ പ്രശ്‌നമായത്‌.

രാജ്യത്ത്‌ ഇതുവരെ ഒമ്പതര കോടി വാക്‌സിൻ കുത്തിവച്ചപ്പോൾ ആറര കോടി ഡോസ്‌ കയറ്റുമതി ചെയ്‌തു. മറ്റ്‌ വാക്‌സിൻ നിർമാതാക്കളെ പരിഗണിക്കുന്നതിലും പാളിച്ച സംഭവിച്ചു. ഫൈസർ വാക്‌സിന്‌ അനുമതി തേടിയിരുന്നെങ്കിലും കേന്ദ്രം അനുവദിച്ചില്ല. റഷ്യയുടെ സ്‌പുട്‌നിക് വി, ജോൺസൺ ആൻഡ്‌ ജോൺസൺ വാക്‌സിൻ എന്നിവയും പരിഗണനാഘട്ടത്തിൽ മാത്രമാണ്‌.

കേരളത്തിലും വാക്സിൻ ശേഖരം കുറയുന്നു

സംസ്ഥാനത്ത്‌ കോവിഡ്‌ വാക്സിൻ ശേഖരം പത്ത്‌ ലക്ഷത്തിന്‌ താഴേക്ക്‌. തിരുവനന്തപുരം അടക്കം വിവിധ ജില്ലകളിൽ ഇനി മൂന്നുമുതൽ നാല്‌ ദിവസം വിതരണം ചെയ്യാനുള്ള വാക്‌സിൻ മാത്രമാണുള്ളത്‌. ഒരു ദിവസം മൂന്നു മുതൽ നാലു ലക്ഷം ഡോസ്‌ വാക്‌സിനാണ്‌ കേരളത്തിൽ നൽകുന്നത്‌. കേന്ദ്രസർക്കാർ കൂടുതൽ വാക്സിൻ അനുവദിക്കാത്ത പക്ഷം പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കും. മാർച്ച്‌ 25നാണ്‌ അവസാനമായി സംസ്ഥാനത്ത്‌ വാക്സിൻ എത്തിയത്‌‌‌.