“എന്തോ ഒരു പന്തികേട്’; ജാനകിക്കും നവീനും ഐക്യദാർഢ്യവുമായി എസ്‌എഫ്‌ഐയുടെ ഡാൻസ്‌ മത്സരം

0
69

ആശുപത്രി വരാന്തയിൽ വച്ച് യൂണിഫോമിൽ നൃത്തം ചെയ്‌ത് വൈറലായ മെഡിക്കൽ വിദ്യാർഥികളായ ജാനകിയെയും നവീനെയും ആക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ തീവ്ര ഹിന്ദുത്വവാദികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ പിന്തുണയുമായി എസ്എഫ്‌ഐ.

ജാനകിക്കും നവീനും ഐക്യദാർഢ്യവുമായി എസ്എഫ്ഐ കുസാറ്റ് (കൊച്ചിൻ യൂണിവേഴ്‌സിറ്റി) യൂണിറ്റാണ് ഡാൻസ് മൽസരവുമായി രംഗത്തെത്തിയിരിക്കുന്നത്.

“എന്തോ ഒരു പന്തികേട്’ #step with ”rasputin” against rascsim എന്നപേരിൽ നടത്തുന്ന ഡാൻസ് മൽസരത്തിലേക്ക് തനിച്ചോ രണ്ടുപേരോ ഉള്ള ഡാൻസ് വീഡിയോ ചിത്രീകരിച്ച് അയക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. സൗഹൃദത്തിന്റെ ചടുല താളങ്ങൾ സ്‌നേഹം വിതച്ചു മുന്നേറട്ടെ…, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചരണങ്ങളെ, ഒരൊറ്റ മനസ്സായി നേരിടാം എന്നാണ് പോസ്റ്ററിലുള്ളത്.

ജാനകിയുടെയും നവീന്റെയും നൃത്തംവയ്ക്കുന്ന ഛായാചിത്രവും കൊടുത്തിട്ടുണ്ട്. റാസ്‌പുടിൻ എന്ന ഗാനത്തിന് ചുവടുകൾ വച്ച് ഒരു മിനുട്ടിൽ താഴെയുള്ള വീഡിയോയാണ് അയക്കേണ്ടത്. ഏപ്രിൽ 14 വരെ വീഡിയോ അയക്കാം.

കൂടുതൽ വിവരങ്ങൾക്ക് SFI CUSAT ഇൻസ്റ്റാഗ്രാം സ്‌റ്റോറി ഹൈലൈറ്റ് ശ്രദ്ധിക്കുക. https://instagram.com/sficusat?igshid=1xhirg5l5vt3yഎന്നും അറിയിച്ചിട്ടുണ്ട്. 1500 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്.

നവീനും ജാനകിയും ചെയ്‌ത 30 സെക്കൻഡ്‌ ദൈർഘ്യമുള്ള നൃത്തം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് സംഘപരിവാർ, തീവ്ര ഹിന്ദുത്വവാദികൾ ഇരുവരുടെയും മതം തിരഞ്ഞ് വിദ്വേഷപ്രചാരണം നടത്തിയത്.

എന്തോ ഒരു പന്തികേട് തോന്നുന്നു എന്ന പരാമർശത്തോടെയാണ് ജാനകി ഓം കുമാറിന്റെയും നവീൻ റസാഖിന്റെയും പൂർണമായ പേര് സഹിതം വിദ്വേഷപ്രചാരണം നടത്തിയത്.

അതിനിടെ, സ്വകാര്യ എഫ്എമ്മിന്റെ പരിപാടിയിൽ ഇരുവരും വീണ്ടും നൃത്തം ചെയ്‌ത് വിദ്വേഷപ്രചാരകർക്ക് കനത്ത മറുപടി നൽകിയിരുന്നു. ബോണി എം ഒഫീഷ്യൽ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലും ഇരുവരുടെയും നൃത്തം ഷെയർ ചെയ്‌തിട്ടുണ്ട്‌.