Saturday
10 January 2026
31.8 C
Kerala
HomeHealthതുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍

തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,30,60,542 ആയി. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

24 മണിക്കൂറിനിടെ 780 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 61,899 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി. ആകെ മരണസംഖ്യ 1,67,642 ആയി ഉയര്‍ന്നു. നിലവില്‍ 9,79,608 പേരാണ് ചികിത്സയിലുള്ളത്.

25,40,41,584 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. 9,43,34,262 പേര്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങി. ഡല്‍ഹിക്കും പഞ്ചാബിനും ഗുജറാത്തിനും തമിഴ്‌നാടിനും പിന്നാലെ കര്‍ണാടകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബംഗളൂരു ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ഏപ്രില്‍ 20 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 10.4 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍, ടെസ്റ്റുകളുടെ എണ്ണം കൂട്ടല്‍ എന്നിവയ്ക്ക് പുറമേ വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ 11 മുതല്‍ 14 വരെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നര്‍ദേശം.

RELATED ARTICLES

Most Popular

Recent Comments