വാക്‌സിൻ വിതരണത്തിൽ ഇന്ത്യ പിന്നിൽ ; കേരളത്തിൽ ജനസംഖ്യയിൽ 10 ശതമാനത്തിന്‌ ആദ്യ ഡോസ്‌ നൽകിക്കഴിഞ്ഞു

0
84

കോവിഡ്‌ വാക്‌സിൻ നിർമാണത്തിൽ മുന്നിലുള്ള ഇന്ത്യ ജനങ്ങൾക്ക്‌ വാക്‌സിൻ നൽകുന്നതിൽ പിന്നിൽ. ഒരു ലക്ഷം പേരിൽ 6310 പേർക്ക്‌ എന്ന തോതിലാണ്‌ രാജ്യത്ത്‌ ഇതുവരെ കോവിഡ്‌ വാക്‌സിന്റെ ആദ്യ ഡോസ്‌ നൽകിയത്‌. ഒരു ലക്ഷം പേരിൽ 8900 എന്നതാണ്‌ ആഗോള ശരാശരി.

വാക്‌സിൻ വിതരണത്തിൽ ഏറ്റവും മുന്നിൽ ഇസ്രയേലാണ്‌. ചിലി, ബ്രിട്ടൻ, യുഎസ്‌, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ. ബ്രിട്ടനിൽ ഒരു ലക്ഷം പേരിൽ 54,680 എന്ന തോതിലാണ്‌ വാക്‌സിൻ വിതരണം‌. യുഎസിൽ ഇത്‌ 50,410 ആണ്‌.

ജനുവരി 16നാണ്‌ ഇന്ത്യയിൽ വാക്‌സിൻ വിതരണം ആരംഭിച്ചത്‌. ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ പ്രതിരോധരംഗത്തുള്ള മുൻനിര പ്രവർത്തകർക്കുമാണ്‌ ആദ്യം നൽകിയത്‌. മാർച്ച്‌ ഒന്നുമുതൽ 60 വയസ്സിന്‌ മുകളിലുള്ളവർക്കും 45 വയസ്സിന്‌ മുകളിലുള്ള മറ്റ്‌ രോഗബാധിതർക്കും നൽകി തുടങ്ങി. ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിന്‌ മുകളിലുള്ള എല്ലാവർക്കും നൽകാനാരംഭിച്ചു. ഇതുവരെ ഒമ്പത്‌ കോടിയോളം പേർ ആദ്യ ഡോസ്‌ സ്വീകരിച്ചു‌.

വാക്‌സിൻ വിതരണത്തിൽ കേരളമാണ്‌ മുന്നിൽ. കേരളത്തിൽ ആകെ ജനസംഖ്യയിൽ 10 ശതമാനത്തിന്‌ ആദ്യ ഡോസ്‌ നൽകി കഴിഞ്ഞു. യുപി, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂന്ന്‌ ശതമാനം പേർക്ക്‌ മാത്രമാണ്‌ ആദ്യ ഡോസ്‌ ലഭിച്ചത്‌. വാക്‌സിൻ ക്ഷാമത്തെ തുടർന്ന്‌ മുംബൈയിൽ അമ്പതിലേറെ വാക്‌സിനേഷൻ കേന്ദ്രം പൂട്ടി. നാലര ലക്ഷം പേർക്കാണ്‌ മഹാരാഷ്ട്രയിൽ പ്രതിദിനം വാക്‌സിൻ നൽകുന്നത്‌.

വാക്‌സിൻ ക്ഷാമത്തെ തുടർന്ന്‌ സത്താറ, സാംഗ്ലി, പൻവേൽ എന്നിവിടങ്ങളിലും വിതരണം സ്‌തംഭിച്ചിരിക്കുകയാണ്‌. പുണെയിൽ നൂറോളം വാക്‌സിനേഷൻ കേന്ദ്രങ്ങൾ‌ അടച്ചു. ഏഴു കോടിയോളം വാക്‌സിൻ ഇന്ത്യ കയറ്റുമതി ചെയ്‌തതാണ്‌ ക്ഷാമത്തിന്‌ വഴിവച്ചതെന്ന വിമർശമുണ്ട്‌.