പെരിങ്ങത്തൂരില്‍ പരക്കെ ലീഗ് അക്രമം ; സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ടു

0
120

പെരിങ്ങത്തൂരില്‍ പരക്കെ ലീഗ് അക്രമം. സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ടു. രക്തസാക്ഷി സ്തൂപവും ആക്രമിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കരയിലെ മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയില്‍ പരക്കെ അക്രമം.

സിപിഐ എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍, ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസുകളും കത്തിച്ചു. നിരവധി ബ്രാഞ്ച് ഓഫീസുകളും കടകളും രക്തസാക്ഷി സ്തൂപവും ആക്രമിച്ചു. സായുധ ലീഗ് ക്രിമിനല്‍സംഘം ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അക്രമം തുടങ്ങിയത്.

മോന്താലില്‍നിന്ന് വിലാപയാത്ര പുറപ്പെട്ടതുമുതല്‍ കണ്ണില്‍കണ്ടതെല്ലാം തകര്‍ക്കുകയും തീയിടുകയുമായിരുന്നു. സിപിഐ എം പതാകകളും കൊടിമരങ്ങളും രക്തസാക്ഷി സ്തൂപവുമെല്ലാം തകര്‍ത്തു.

ബാവാച്ചി റോഡിലുള്ള പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ഫര്‍ണിച്ചറും രേഖകളും കൂട്ടിയിട്ട് കത്തിച്ചത്. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.

സിപിഐ എം പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ച ലീഗുകാര്‍ പെരിങ്ങത്തൂര്‍ ടൗണിലെ ചായക്കടയും ദിനേശന്റെ കടയുമടക്കം നിരവധി സ്ഥാപനങ്ങള്‍ ആക്രമിച്ചു. പെരിങ്ങത്തൂര്‍, പുല്ലൂക്കര മേഖലകളില്‍ രാത്രി വൈകിയും അക്രമം തുടര്‍ന്നു.

വഴിവച്ചത് ലീഗ് അക്രമം

സമാധാനപരമായ തെരഞ്ഞെടുപ്പിലൂടെ മാതൃകകാട്ടിയ കണ്ണൂര്‍ ജില്ലക്ക് ഒരപവാദമായി പാനൂര്‍ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം. വോട്ടെടുപ്പിനിടെ മുസ്ലിംലീഗുകാര്‍ പ്രകോപനമില്ലാതെ നടത്തിയ അക്രമമാണ് ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്കു നയിച്ചതെങ്കിലും ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

കുറച്ചുകാലമായി രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുകയാണ് കണ്ണൂര്‍. സമീപകാലത്ത് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിഷ്ഠുരമായ കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോഴും കണ്ണൂര്‍ സമാധാനജീവിതം കാത്തുസൂക്ഷിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലും, ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും യുഡിഎഫും ബിജെപിയും പരമാവധി പ്രകോപനത്തിനു ശ്രമിച്ചെങ്കിലും ആത്മസംയമനം പാലിക്കുകയായിരുന്നു സിപിഐ എം പ്രവര്‍ത്തകര്‍.

ഇപ്പോള്‍ പാനൂരില്‍ മുസ്ലിംലീഗുകാര്‍ ആസൂത്രിതമായി സൃഷ്ടിച്ച പ്രകോപനം തിരിച്ചറിയേണ്ടതായിരുന്നു. മുസ്ലിംലീഗിന് നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ് പുല്ലൂക്കര മുക്കില്‍പീടിക. ലീഗുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കിയ പ്രവര്‍ത്തകനെ രക്ഷപ്പെടുത്താനായാണ് സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവിടേക്കു പോയത്.

സ്ത്രീകളടക്കം ഇവരെ വളഞ്ഞ് കല്ലെറിഞ്ഞതോടെയുണ്ടായ സംഘര്‍ഷത്തിലാണ് കൊല്ലപ്പെട്ട മന്‍സൂറിനും സഹോദരന്‍ മുഹ്സിനും പരിക്കേല്‍ക്കാനിടയായ ബോംബു സ്ഫോടനം നടന്നത്. പ്രചരിപ്പിക്കപ്പെട്ടതുപോലെ മന്‍സൂറിന് വെട്ടേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബോംബേറില്‍ കാലിലുണ്ടായ പരിക്കില്‍നിന്ന് രക്തംവാര്‍ന്നതാണ് മരണകാരണം.