സംസ്ഥാനത്ത് എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; പരീക്ഷ നടക്കുന്നത് കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ച്

0
29

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് പരീക്ഷ. എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4,22,226 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും. ആകെ 2947 പരീക്ഷാകേന്ദ്രം. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വികെഎംഎംഎച്ച്എസ് ഇടരിക്കോട് പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതല്‍ (2076) പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രൈവറ്റ് വിഭാഗത്തില്‍ 990 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ടിഎച്ച്എസ്എല്‍സിയില്‍ 48 പരീക്ഷാകേന്ദ്രത്തിലായി 2889, എസ്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ 29 പരീക്ഷാകേന്ദ്രത്തിലായി 257, ടിഎച്ച്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ രണ്ട് പരീക്ഷാകേന്ദ്രത്തിലായി 17 വിദ്യാര്‍ഥികളും എഎച്ച്എസ്എല്‍സിയില്‍ ഒരു പരീക്ഷാകേന്ദ്രത്തില്‍ 68 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗള്‍ഫിലും ലക്ഷദ്വീപിലും ഒമ്പത് വീതം കേന്ദ്രമുണ്ട്. ഗള്‍ഫില്‍ 573, ലക്ഷദ്വീപില്‍ 627 വിദ്യാര്‍ഥികളാണ് പരീക്ഷക്കിരിക്കുക. എസ്എസ്എല്‍സി പരീക്ഷ 29ന് അവസാനിക്കും.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് 2004 കേന്ദ്രമുണ്ട്. 2,20,146 പെണ്‍കുട്ടികളും 2,26,325 ആണ്‍കുട്ടികളും ഉള്‍പ്പെടെ 4,46,471 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍- 19,5,609 പെണ്‍കുട്ടികളും 1,82,330 ആണ്‍കുട്ടികളും ഉള്‍പ്പെടെ 3,77,939 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 19,762 പെണ്‍കുട്ടികളും 29,592 ആണ്‍കുട്ടികളും ഉള്‍പ്പെടെ 49,354 വിദ്യാര്‍ഥികളും പ്രൈവറ്റ് കംപാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍ 4,775 പെണ്‍കുട്ടികളും 14,403 ആണ്‍കുട്ടികളും ഉള്‍പ്പെടെ 19,178 പേരും പരീക്ഷ എഴുതും. പരീക്ഷ 26ന് അവസാനിക്കും.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ നാളെമുതല്‍

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം രണ്ടാം വര്‍ഷ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കും. 389 പരീക്ഷാകേന്ദ്രത്തിലായി 28565 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 17104 ആണ്‍കുട്ടികളും 11461 പെണ്‍കുട്ടികളും. പ്രൈവറ്റ് വിഭാഗത്തില്‍ 59 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 26ന് അവസാനിക്കും.

പരീക്ഷ കര്‍ശന സുരക്ഷയോടെ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ. പരീക്ഷാ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

ശീതീകരിച്ച ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് തെരഞ്ഞെടുക്കരുത്. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നതായി ഉറപ്പാക്കണം. കുട്ടികളെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കണം.

കവാടത്തിലും ക്ലാസ് മുറികള്‍ക്ക് മുന്നിലും വെള്ളവും സോപ്പും കരുതണം. സാമൂഹ്യ അകലം പാലിക്കണം. രാവിലെയും ഉച്ചയ്ക്കും പരീക്ഷാ ഹാളിലെ ഫര്‍ണിച്ചറുകള്‍ അണുവിമുക്തമാക്കണം.

ഒരു മുറിയില്‍ ഇരുന്ന് പരീക്ഷ എഴുതാവുന്നവരുടെ എണ്ണം പരമാവധി 20. പേന, ഇന്‍സ്ട്രമെന്റ് ബോക്സ് മുതലായവ പരസ്പരം കൈമാറാന്‍ അനുവദിക്കില്ല. ഉത്തരക്കടലാസിന്റെ അഡീഷണല്‍ ഷീറ്റ്, ഹാള്‍ടിക്കറ്റ് എന്നിവയില്‍ ഇന്‍വിജിലേറ്റേഴ്സ് ഒപ്പുവയ്ക്കേണ്ട.

മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകള്‍ ഇന്‍വിജിലേറ്റര്‍മാര്‍ ഫെയ്സിങ് ഷീറ്റില്‍ ഒപ്പിട്ട് പരീക്ഷയ്ക്ക് നല്‍കണം. പരീക്ഷ കഴിഞ്ഞശേഷം മോണോഗ്രാം പതിക്കണ്ട. ഉത്തരക്കടലാസില്‍ ഉത്തരം എഴുതി അവസാനിപ്പിക്കുന്നതിന് താഴെ ഡബിള്‍ ലൈന്‍ മാര്‍ക്ക് ചെയ്ത് ക്യാന്‍സല്‍ഡ് എന്നെഴുതണം.

രോഗികള്‍ പ്രത്യേകം

സാധാരണയില്‍ കവിഞ്ഞ ശരീരോഷ്മാവുള്ളവരെയും മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവരെയും പ്രത്യേക ക്ലാസ് മുറികളില്‍ പരീക്ഷയ്ക്കിരുത്തും.
കോവിഡ് പോസിറ്റീവായവര്‍ പരീക്ഷയ്ക്ക് ഹാജരാകുകയാണെങ്കില്‍ മുന്‍കൂട്ടി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. കോവിഡ് പോസിറ്റീവ് ക്വാറന്റൈന്‍ കേസുകള്‍ക്ക് സാനിറ്റൈസ്ഡ് കോറിഡോര്‍ സംവിധാനം തയ്യാറാക്കും