കർണാടക ബിജെപിയിൽ കലാപക്കൊടി

0
98

തീർത്തും വ്യത്യസ്‌തമായ പാർടിയാണ്‌ ബിജെപി എന്നാണ്‌‌ അവർ സ്വയം അവകാശപ്പെടാറുള്ളത്‌. കെട്ടുറപ്പുള്ള സംഘടനയും അച്ചടക്കമുള്ള കേഡർ പാർടിയും എന്ന അവകാശവാദമാണ്‌ ബിജെപി നേതാക്കൾ ഉയർത്താറുള്ളത്‌.

എന്നാൽ, അച്ചടക്കമേതുമില്ലാത്ത ആൾക്കൂട്ടംമാത്രമായ കോൺഗ്രസുകാരെ വർധിച്ചതോതിൽ ബിജെപിയിലെത്തിക്കുകയും പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കുകയും ചെയ്‌ത ബിജെപിയെ ഇപ്പോൾ കോൺഗ്രസ്‌ സംസ്‌കാരം ഗ്രസിക്കാൻ തുടങ്ങിയിരിക്കുകയാണ്‌.

കർണാടകത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ നടക്കുന്ന വിമതകലാപം വിരൽചൂണ്ടുന്നത്‌ ബിജെപിയും മറ്റൊരു കോൺഗ്രസ്‌ പാർടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ്‌. പ്രധാനമായും കോൺഗ്രസുകാരെ കാലുമാറ്റിയാണല്ലോ കർണാടകത്തിൽ ബിജെപി ഭരണം നടത്തുന്നത്‌. വിമതകലാപവും പരസ്യമായ വിഴുപ്പലക്കലും മറ്റും കോൺഗ്രസിന്റെമാത്രം രീതിയായിരുന്നെങ്കിൽ അതിപ്പോൾ ബിജെപിയെയും വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു.

മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ മന്ത്രിസഭയിൽനിന്നും എംഎൽഎമാരിൽനിന്നും പരസ്യമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്‌. യെദ്യൂരപ്പയ്‌ക്കൊപ്പം കർണാടകത്തിൽ ആർഎസ്‌എസിനെയും ബിജെപിയെയും വളർത്തിയ, നിലവിൽ യെദ്യൂരപ്പ മന്ത്രിസഭയിൽ ഗ്രാമവികസനമന്ത്രിയായ കെ ഈശ്വരപ്പയാണ്‌ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഗവർണർ വാജുഭായി വാലയെ സമീപിച്ചത്‌.

തന്റെ വകുപ്പിൽനിന്ന്‌ കോടികളുടെ ഫണ്ട്‌ തന്റെ അറിവില്ലാതെ മുഖ്യമന്ത്രി നേരിട്ട്‌ അനുവദിക്കുന്നെന്നും ഇത്‌ തടയണമെന്നും ആവശ്യപ്പെട്ടാണ്‌ ഈശ്വരപ്പ ഗവർണറെ സമീപിച്ചത്‌. മുഖ്യമന്ത്രിക്കെതിരെ അദ്ദേഹത്തിന്റെ പാർടിയിൽത്തന്നെയുള്ള മന്ത്രി ഗവർണർക്ക്‌ പരാതി നൽകുന്ന രീതിതന്നെ അപൂർവമാണ്‌.

വിമത പ്രവർത്തനം ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. ബിജാപ്പുർ (ഇപ്പോഴത്തെ വിജയപുര) എംഎൽഎയും ബിജെപി നേതാവുമായ ബസനഗൗഡ പാട്ടീൽ യത്നൽ പറയുന്നത്‌ യെദ്യൂരപ്പയ്‌ക്കെതിരെ മറ്റു മന്ത്രിമാരും രംഗത്തുവരുമെന്നും മുഖ്യമന്ത്രി ഉടൻ കസേരയിൽനിന്ന്‌ ഇറങ്ങേണ്ടിവരുമെന്നുമാണ്‌.

ബിജെപി സർക്കാരല്ല യെദ്യൂരപ്പയുടെ കുടുംബമാണ്‌ സംസ്ഥാനം ഭരിക്കുന്നതെന്നും യത്നൽ ആരോപിക്കുന്നു. ഇതാദ്യമായൊന്നുമല്ല അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നത്‌. കേന്ദ്രനേതൃത്വവുമായി ഏറെക്കാലത്തെ പോരിനുശേഷം ജനുവരിയിൽ മന്ത്രിസഭ വികസിപ്പിച്ചപ്പോൾ അരഡസനിലധികം എംഎൽഎമാരാണ്‌ ബിജെപി നേതൃത്വത്തിനെതിരെ പരസ്യമായ വിമർശവുമായി രംഗത്തുവന്നത്‌.

അതിലൊരാൾ യത്നൽ തന്നെയായിരുന്നു. മന്ത്രിസഭയിൽ ഉൾപ്പെട്ട എംഎൽഎമാർ യെദ്യൂരപ്പയെ സിഡി കാട്ടി ബ്ലാക്‌‌‌മെയിൽ ചെയ്‌താണ്‌ മന്ത്രിസഭയിൽ എത്തിയതെന്നാണ്‌ യത്നലും കൂട്ടരും ആരോപിച്ചത്‌. ചിലർ സിഡിക്കു‌ പുറമെ പണവും നൽകിയാണ്‌ മന്ത്രിസഭയിൽ ഇടംപിടിച്ചതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. തുടർച്ചയായി മുഖ്യമന്ത്രിയെയും നേതൃത്വത്തെയും വെല്ലുവിളിച്ചിട്ടും അദ്ദേഹം ബിജെപി നേതാവായി തുടരുകയാണ്‌.

സംസ്ഥാനത്തെ പ്രധാന വോട്ടു‌ബാങ്കായ ലിംഗായത്ത്‌ സമുദായത്തിൽനിന്നാണ്‌ യെദ്യൂരപ്പ വരുന്നതെങ്കിൽ അതേ സമുദായത്തിൽനിന്നാണ്‌ യത്നലും വരുന്നത്‌. ലിംഗായത്തിലെ ഭൂരിപക്ഷമായ പഞ്ചമശാലി വിഭാഗത്തിൽനിന്നാണ്‌ യത്നൽ എങ്കിൽ വീരശൈവ വിഭാഗത്തിൽനിന്നാണ്‌ യെദ്യൂരപ്പ വരുന്നത്‌. അധികാരം പ്രധാനമായി കാണുന്ന ബിജെപിക്ക്‌ ഇതുകൊണ്ടുതന്നെ യത്നലിനെ തള്ളിക്കളയാനാകില്ല.

അദ്വാനിയെയും മുരളീമനോഹർ ജോഷിയെയും 75 വയസ്സ്‌ കടന്നുവെന്നു പറഞ്ഞ്‌ അധികാരക്കസേരയിൽനിന്ന്‌ മാറ്റിനിർത്തിയ ബിജെപി നേതൃത്വം എഴുപത്താറുകാരനായ യെദ്യൂരപ്പയെയാണ്‌ 2019 ജൂലൈയിൽ മുഖ്യമന്ത്രിയാക്കിയത്‌. അടുത്ത തെരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ (2023ൽ) യെദ്യൂരപ്പയ്‌ക്ക്‌ 80 വയസ്സാകും. ഇത്രയും പ്രായമായ ആളെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ബിജെപി നേതൃത്വത്തിന്‌ കഴിയുമോ? മാത്രമല്ല, നാല്‌ അഴിമതിക്കേസും യെദ്യൂരപ്പയ്‌ക്കെതിരെ ഉണ്ട്‌.

ജെഡിഎസ്‌ എംഎൽഎയെ മന്ത്രിപദവി വാഗ്‌ദാനം ചെയ്‌തും പണം നൽകിയും സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം പുനരന്വേഷണത്തിന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി സ്‌റ്റേ ചെയ്‌തതിനാൽ തൽക്കാലം രക്ഷപ്പെട്ടെന്നുമാത്രം. അഴിമതി ആരോപണം നേരിടുന്ന പ്രായാധിക്യമുള്ള യെദ്യൂരപ്പയെയുംകൊണ്ട്‌‌ അടുത്ത തെരഞ്ഞെടുപ്പ്‌ നേരിട്ടാൽ പച്ചതൊടില്ലെന്ന്‌ ബിജെപി കേന്ദ്രനേതൃത്വത്തിനറിയാം. അതുകൊണ്ടാണ്‌ കലാപക്കൊടി ഉയർത്തുന്നവർക്കെതിരെ നടപടി കൈക്കൊള്ളാൻ മടിക്കുന്നത്‌.

മാത്രമല്ല, കടുത്ത നടപടി കൈക്കൊണ്ടാൽ യെദ്യൂരപ്പ പാർടിയെ പിളർത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. യെദ്യൂരപ്പ പാർടിയെ പിളർത്തി കെജെപി എന്ന പുതിയ പാർടി രൂപീകരിച്ചതാണ്‌ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌‌ അധികാരം നഷ്ടപ്പെടാൻ കാരണമായത്‌. അധികാരത്തോട്‌ ആർത്തിയുള്ള ബിജെപിക്ക്‌ അതുകൊണ്ടുതന്നെ യെദ്യൂരപ്പയ്‌ക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളാൻ കഴിയുന്നുമില്ല. വല്ലാത്ത ഗതികേടിലാണ് ഇപ്പോൾ ബിജെപി നേതൃത്വം.