തുടർഭരണം വരും യുഡിഎഫ് ശിഥിലമാകും – എ വിജയരാഘവൻ എഴുതുന്നു

0
74

കേരളം നാളെ ബൂത്തിലേക്ക് പോകുകയാണ്, പുതിയൊരു ചരിത്രം രചിക്കാൻ. ഇടതുപക്ഷ, വലതുപക്ഷ മുന്നണികളെ മാറിമാറി സ്വീകരിക്കുകയെന്ന പതിവ് ഇക്കുറി ജനങ്ങൾ തിരുത്തും. ഇടതുപക്ഷത്തിന്റെ തുടർഭരണത്തിന് അംഗീകാരം നൽകാൻ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞെന്ന വിശ്വാസമാണ് എൽഡിഎഫിന്‌ ഉള്ളത്.

ചില കാര്യങ്ങൾ ഈ അവസരത്തിൽ ഉറപ്പിച്ചുപറയാൻ കഴിയും. 2016ൽ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം എൽഡിഎഫ് നേടും. കോൺഗ്രസ് സഹായത്തിൽ ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് പൂട്ടും. മാത്രമല്ല, ജനങ്ങളുടെ ഐക്യവും സ്വൈരജീവിതവും തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് കേരളം ഇത്തവണ സമ്മാനിക്കുന്നത് പൂജ്യമായിരിക്കും.

ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനവും പുരോഗതിയുമാണ്. പശ്ചാത്തല സൗകര്യങ്ങളുടെയും ജീവിതസൗകര്യങ്ങളുടെയും കാര്യത്തിൽ കേരളം നമ്പർ വൺ ആകണം. അതുവഴി വ്യവസായവും കൃഷിയും ടൂറിസവും വികസിക്കണം. വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. കേരളത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള എൽഡിഎഫിന് മാത്രമേ ഇതു നിറവേറ്റാൻ കഴിയൂവെന്ന് ജനങ്ങൾ വിശ്വസിക്കുന്നുവെന്ന് തെരഞ്ഞെടുപ്പുരംഗം നിരീക്ഷിച്ചവർക്ക് മനസ്സിലാകും. വികസനത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും അനുകൂലമായ ജനവിധിയാണ് ഉണ്ടാകാൻ പോകുന്നത്.

എൽഡിഎഫുമായി രാഷ്ട്രീയമായ സംവാദത്തിന് യുഡിഎഫ് തയ്യാറായിരുന്നില്ല. സർക്കാരിനെയും എൽഡിഎഫിനെയും നയിക്കുന്നവർക്കും എതിരായ അപവാദപ്രചാരണത്തിനാണ് അവർ തയ്യാറായത്. ഒരുവിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ നല്ല പിന്തുണ യുഡിഎഫിന് ലഭിച്ചെന്ന് പറയേണ്ടതുണ്ട്.ഒരു വശത്ത് അപവാദപ്രചാരണം, മറുവശത്ത് ബിജെപിയുമായി പല മണ്ഡലത്തിലും രഹസ്യധാരണ. ഈ രീതിയിലാണ് ഇടതുപക്ഷ തുടർഭരണം തടയാൻ യുഡിഎഫ് ശ്രമിച്ചത്. ഇതു രണ്ടിനെയും മറികടന്നാണ് എൽഡിഎഫ് വലിയ വിജയത്തിലേക്കു പോകുന്നത്. എൽഡിഎഫിന്റെ വികസന അജൻഡയ്‌ക്ക് പകരം മറ്റൊന്നും മുന്നോട്ടുവയ്ക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല.

നിഷേധ രാഷ്ട്രീയമാണ് അവർ കൈകാര്യം ചെയ്തത്. തങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചുവിടും. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കും. കേരള ബാങ്ക്‌ ഉപേക്ഷിക്കും. ഇങ്ങനെ പോയി യുഡിഎഫ് നേതാക്കളുടെ പ്രഖ്യാപനങ്ങൾ. അവശത അനുഭവിക്കുന്നവർക്കുള്ള സാമൂഹ്യക്ഷേമ പെൻഷൻ വിതരണവും പാവപ്പെട്ടവർക്കുള്ള റേഷൻഅരിയും തടയുന്നതിന് തെരഞ്ഞെടുപ്പുകമീഷനെ ഇടപെടുവിക്കുന്നതിൽവരെ ഈ നിഷേധ രാഷ്ട്രീയം ചെന്നെത്തി. അഞ്ചു വർഷം യുഡിഎഫ് അനുവർത്തിച്ച നയത്തിന്റെ തുടർച്ചയായിട്ടേ ഇതിനെ കാണാൻ കഴിയൂ.

2018ൽ മഹാപ്രളയം വന്നപ്പോൾ യുഡിഎഫ് എന്താണ് ചെയ്തത്? സർക്കാർ ജീവനക്കാരിൽനിന്ന് സഹായം സ്വീകരിക്കുന്നതുവരെ തടസ്സപ്പെടുത്തി.കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള വ്യക്തമായ പരിപാടി മുന്നോട്ടുവച്ചാണ് എൽഡിഎഫ് ജനങ്ങളെ സമീപിച്ചത്. നവകേരള നിർമിതിയുടെ പുതിയ ഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണ്. പശ്ചാത്തല സൗകര്യവികസനരംഗത്ത് പിണറായി വിജയൻ സർക്കാർ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അസാധ്യമെന്ന് കരുതിയ പല പദ്ധതിയും യാഥാർഥ്യമാക്കി.

ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ ലൈൻ, കൂടംകുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ഇടമൺ –-കൊച്ചി പവർ ഹൈവേ, ദേശീയപാതയുടെ വികസനം, ദേശീയ ജലപാത, മലയോര–-തീരദേശ ഹൈവേകൾ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം ഇതെല്ലാം ഇന്ന് യാഥാർഥ്യമാണ്. ഈ മാതൃകയിൽ, ഇതേ വേഗത്തിൽ കേരളം കുതിക്കണം. ക്ഷേമപ്രവർത്തനങ്ങൾ വിപുലമാക്കണം. അതോടൊപ്പം, പുതുതലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ ഉണ്ടാകണം. അതിനുവേണ്ടി കേരളത്തെ വിജ്ഞാനസമൂഹമായി പരിവർത്തനം ചെയ്യണം ഇതാണ് എൽഡിഎഫ് മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ കാതൽ.

അഞ്ചുവർഷം കൊണ്ട് 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. 15 ലക്ഷം ഉപജീവനത്തൊഴിലുകൾ സൃഷ്ടിക്കും. അഞ്ചുവർഷത്തിനകം 5 ലക്ഷം വീട്‌ പണിതു നൽകും. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും. തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജും ഇതിലുണ്ട്. നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. പറഞ്ഞതെല്ലാം നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. 2016ലെ പ്രകടനപത്രികയിൽ 600 ഇനമാണ്‌ ഉണ്ടായിരുന്നത്. 580 വാഗ്‌ദാനവും നടപ്പാക്കി അഭിമാനത്തോടെയാണ് ജനങ്ങളെ സമീപിക്കുന്നത്.

ഒരു തരത്തിലുള്ള വർഗീയതയുമായും എൽഡിഎഫ് സന്ധി ചെയ്യില്ലെന്ന് പ്രകടനപത്രിക അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വസിക്കാത്തവർക്കടക്കം സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവം നോക്കൂ. വർഗീയ ലഹളകളോ വർഗീയ സംഘർഷങ്ങളോ സംസ്ഥാനത്ത്‌ ഉണ്ടായില്ല. എന്തുകൊണ്ടാണ് ഇതു സാധ്യമായത്?

എല്ലാ വർഗീയശക്തികളെയും സർക്കാർ അകറ്റിനിർത്തി. വർഗീയശക്തികൾക്കു മുമ്പിൽ മുട്ടുമടക്കിയില്ല. ഈ നിലപാട് എൽഡിഎഫ് ഉയർത്തിപ്പിടിക്കും.എന്താണ് മറുവശത്ത് യുഡിഎഫ് ചെയ്യുന്നത്? ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം കൂട്ടുകെട്ടുണ്ടാക്കിയാണ് അവർ മുമ്പോട്ടുപോകുന്നത്. ജമാ അത്തെ ഇസ്ലാമിയുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യമുണ്ടാക്കിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ചില എതിർപ്പുകളും വിയോജിപ്പുകളും ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. മുസ്ലിംലീഗിന്റെ സമ്മർദത്തിനു വഴങ്ങി ആ എതിർപ്പ് കോൺഗ്രസ് ഉപേക്ഷിച്ചു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് തുടരുന്നു.

ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയുമായുള്ള ബന്ധം തുടർന്നുകൊണ്ടുതന്നെയാണ് ജമാ അത്തെ ഇസ്ലാമിയെയും തങ്ങളുടെ ചിറകിനടിയിലേക്ക് യുഡിഎഫ് കൊണ്ടുവന്നത്. ബിജെപിയെ തങ്ങൾ എതിർക്കുകയാണെന്ന് വരുത്താൻ നേമത്ത് സ്വന്തം സ്ഥാനാർഥിയെ നിർത്തിയ കോൺഗ്രസ്, സംസ്ഥാനത്തെ പല മണ്ഡലത്തിലും അവരുമായി ധാരണയിലാണ്. ചില കോൺഗ്രസ് സ്ഥാനാർഥികൾ അതു തുറന്നുപറയുന്നുണ്ട്. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപിയുടെ പത്രികകൾ തള്ളിപ്പോയത് നോട്ടപ്പിശകുകൊണ്ടാണെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല. തലശ്ശേരിയിലും ഗുരുവായൂരിലും എങ്കിലും ഇവരുടെ രഹസ്യധാരണ മറനീക്കി.

ബിജെപിയെ എതിർക്കുന്നത്‌ ഇടതുപക്ഷം

ദേശീയതലത്തിൽ ബിജെപിക്ക് ബദലാണ് കോൺഗ്രസ് എന്ന് വാദിക്കുന്നവർ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എന്താണ് ചെയ്തത്? രാഹുൽ ഗാന്ധിയടക്കം ഒരുപാട് നേതാക്കൾ പ്രചാരണത്തിനു വന്നു. ബിജെപിയുടെ വർഗീയധ്രുവീകരണ അജൻഡയെ എതിർക്കാൻ ഒരു നേതാവിനും നാവ് പൊങ്ങിയില്ല. കാരണം വ്യക്തമാണ്. ബിജെപിയെ ഒരു വിധത്തിലും അലോസരപ്പെടുത്താൻ കോൺഗ്രസ് തയ്യാറല്ല. ബിജെപിയുടെ സഹായത്തിൽ കുറച്ച്‌ സീറ്റുകൾ കിട്ടണം.

ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം കൂട്ടുകൂടുന്ന കള്ളക്കളി ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വോട്ടെടുപ്പിൽ ജനങ്ങൾ ഇതിനു മറുപടി നൽകും. വർഗീയശക്തികളുമായുള്ള സഹകരണമാണ് കോൺഗ്രസ് എന്ന ദേശീയ പാർടിയെ പരിതാപകരമായ അവസ്ഥയിൽ എത്തിച്ചതെന്ന് അതിന്റെ നേതാക്കൾ ഇനിയും മനസ്സിലാക്കിയിട്ടില്ല. കോൺഗ്രസിന്റെ മലയാളിയായ ദേശീയ നേതാവാണല്ലോ എ കെ ആന്റണി. അദ്ദേഹവും ബിജെപിക്കെതിരെ ഒരക്ഷരം പറയാൻ തയ്യാറായില്ല. ഇടതുപക്ഷ തുടർഭരണം വന്നാൽ സർവനാശമെന്നാണ് ആന്റണി ശപിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ അധഃപതനമെന്ന്‌ അല്ലാതെ എന്തുപറയാൻ.

കേരളത്തിൽ 100 വർഷത്തേക്ക് ഇടതുപക്ഷം അധികാരത്തിൽ വരില്ലെന്ന് എൺപതുകളിൽ ഇതേ ആന്റണി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം നാലു തവണ ഇടതുപക്ഷം ഭരിച്ചു. മൃദുഹിന്ദുത്വനയം കാരണം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുകയാണെന്ന് ആന്റണിയെപ്പോലുള്ളവർ ഇനിയും മനസ്സിലാക്കിയിട്ടില്ല.ബിജെപിയുടെ വോട്ട് കിട്ടാൻ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വങ്കത്തരമാണ് യുഡിഎഫ് ചെയ്തുകൊണ്ടിരിക്കുന്നത്. ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മുസ്ലിംലീഗ് നേതാവുമായ കെ എൻ എ ഖാദർ പറഞ്ഞത്, പൗരത്വഭേദഗതി നിയമം നടപ്പാക്കുമ്പോൾ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖ പൂരിപ്പിച്ചുനൽകാൻ മുസ്ലിങ്ങളെ അദ്ദേഹത്തിന്റെ പാർടി സഹായിക്കുമെന്നാണ്.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമം നടപ്പാക്കാൻ സഹകരിക്കുമെന്നതാണോ കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട്? രാജ്യത്തിന്റെ ഐക്യം തകർക്കുന്നതും ഭരണഘടനയ്‌ക്ക് നിരക്കാത്തതുമായ നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിന്റെ കൂടെ നിൽക്കുന്നതിനു പകരം വോട്ടു കിട്ടാൻ മതന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടല്ലേ യുഡിഎഫ് സ്വീകരിക്കുന്നത്? കെ എൻ എ ഖാദർ മത്സരിക്കുന്ന ഗുരുവായൂരിൽ ബിജെപിക്ക് സ്ഥാനാർഥിയില്ലെന്നുകൂടി ഓർക്കണം.

പക്ഷേ, ഈ കീഴടങ്ങൽ ഗുരുവായൂർ മാത്രം ലക്ഷ്യമാക്കിയല്ല. കേരളത്തിലാകെയുള്ള ബിജെപി–- യുഡിഎഫ് ധാരണ ബലപ്പെടുത്തുന്നതിനാണ്. കെ എൻ എ ഖാദറിന്റെ പ്രസ്താവനയെപ്പറ്റി ലീഗ് നേതൃത്വം ഇതുവരെ ഒരക്ഷരം പറഞ്ഞില്ലെന്നത് അത്ഭുതകരമാണ്. ആരിൽനിന്നാണോ മതന്യൂനപക്ഷങ്ങൾ ആക്രമണം നേരിടുന്നത്, അവരുമായി കൂട്ടുചേരാൻ മുസ്ലിംലീഗിന് ഒരു മടിയുമില്ല.നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് സംവിധാനം തകരുമെന്ന് ഞങ്ങൾ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. തകർച്ചയുടെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും ഇടതുപക്ഷത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

കോൺഗ്രസിലെ മതനിരപേക്ഷവാദികൾ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് കക്ഷികളിൽനിന്ന്‌ ധാരാളം പ്രവർത്തകർ ഇടതുപക്ഷത്തേക്ക് വരുന്നുണ്ട്. ഇതിലൂടെ എൽഡിഎഫിന്റെ അടിത്തറ കൂടുതൽ വിപുലമാകും. ജനപിന്തുണ വർധിക്കും. ഇടതുപക്ഷത്തിന്റെ തുടർഭരണം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പിച്ചുപറയാം. മൃദുഹിന്ദുത്വം ഉപേക്ഷിക്കാതെ കോൺഗ്രസിന് നിലനിൽപ്പുണ്ടാകില്ല.

ബിജെപിയുടെയും കോൺഗ്രസിന്റെയും നയങ്ങൾക്കുള്ള ബദൽ ഉയർത്തിയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചത്. പൊതുവിദ്യാലയങ്ങളുടെയും പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും മാറ്റം കേന്ദ്രത്തിലെ ബിജെപി സർക്കാർ നടപ്പാക്കുന്ന നയങ്ങൾക്കുള്ള ബദലാണ്. പാവപ്പെട്ടവർക്കാണ് ഇതിന്റെ പ്രയോജനം കിട്ടുന്നത്. പൊതുമേഖലാ കമ്പനികൾ വിറ്റുതുലയ്ക്കുന്ന സാമ്പത്തിക നയത്തെ എതിർക്കുന്ന ഇടതുപക്ഷം കേരളത്തിൽ ബദൽ കാഴ്ചവച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി. കേന്ദ്രം വിൽപ്പനയ്ക്കുവച്ച ചില കമ്പനികൾ ഏറ്റെടുക്കാനും തയ്യാറായി.

സാമ്പത്തിക ഉദാരവൽക്കരണ നയത്തിന്റെ കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും പൂർണ യോജിപ്പാണ്. ഇതു തുടങ്ങിവച്ചതുതന്നെ കോൺഗ്രസാണല്ലോ. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, ബിജെപിയുടെ വർഗീയ ധ്രുവീകരണ നയങ്ങൾക്കും കോർപറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾക്കും എതിരായ പോരാട്ടത്തിന് ശക്തിയും ഊർജവും നൽകുന്നതായിരിക്കും കേരളത്തിലെ ഇടതുപക്ഷ വിജയവും തുടർഭരണവും.പോളിങ്‌ ബൂത്തുകളിലേക്ക് പോകാൻ ഇനി മണിക്കൂറുകളേയുള്ളൂ. നുണ പ്രചാരണങ്ങൾക്കും സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കുമെതിരെ അവസാന നിമിഷംവരെ അതീവ ജാഗ്രത പുലർത്തണമെന്ന് എൽഡിഎഫിനൊപ്പം നിൽക്കുന്നവരോട് അഭ്യർഥിക്കുന്നു. വിജയം നമ്മുടേതാണ്.