EXCLUSIVE… പാലക്കാട് ഷാഫി പറമ്പിൽ മൂന്നാം സ്ഥാനത്തേക്ക്

0
99

പത്ത് വർഷമായി ഭരിക്കുന്ന മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്ന പേടിയിൽ ഷാഫി പറമ്പിൽ. മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച പിന്തുണ ഇത്തവണ ഉണ്ടാകില്ലെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ തന്നെ പറയുന്നു.

മാത്തൂർ, കണ്ണാടി പഞ്ചായത്തുകൾ എല്ലാ കാലത്തും എൽഡിഎഫിന്റെ ഉറച്ച കോട്ടകൾ ആയിരുന്നു. യുഡിഎഫിനെ കാലങ്ങളായി പിന്തുണച്ച് വന്നിരുന്ന പിരായിരി പഞ്ചായത്തിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആണ് മുന്നേറ്റം ഉണ്ടായത്. എൽഡിഎഫിന് അനുകൂലമായ ഈ മാറ്റം പാലക്കാട് മണ്ഡലത്തിൽ ആകെ പ്രകടമാണ്.

കാലങ്ങളായി യുഡിഎഫിന്റെ കൂടെ നിന്നിരുന്ന പാലക്കാട് നഗര സഭയിലെ സവർണ വോട്ടുകൾ ഇക്കുറി കിട്ടില്ലെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ഉറപ്പിച്ച് പറയുന്നു. കോൺഗ്രസിന്റെ ഈ സവർണ വോട്ടുകൾ മാത്രം കേന്ദ്രീകരിച്ചാണ് എൻഡിഎ പ്രവർത്തിക്കുന്നത്.

ഇതിന് പുറമെ താഴെത്തട്ടിൽ വലിയ സ്വാധീനമുള്ള കോൺഗ്രസ് നേതാക്കൾ ഈ തിരഞ്ഞെടുപ്പിൽ ഇടഞ്ഞ് നിന്നതും യുഡിഎഫിന് തിരിച്ചടി ആയിരിക്കും. എ രാമസ്വാമി കോൺഗ്രസിൽ നിന്നും രാജി വെച്ച് എൽഡിഎഫിനൊപ്പം സഹകരിച്ച് പ്രവർത്തിച്ച് തുടങ്ങി. എ വി ഗോപിനാഥ് ഉയർത്തിയ വെല്ലുവിളി ഇപ്പോഴും കോൺഗ്രസിന് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്.

സവർണ്ണ വോട്ടുകളും കോൺഗ്രസ് പടലപിണക്കങ്ങളും ചേർത്ത് ഒമ്പതിനായിരത്തോളം വോട്ടുകൾ യുഡിഎഫിന് നഷ്ടപ്പെടും. അതിൽ ബിജെപിക്കും എൽഡിഎഫിനും തുല്യമായി നേട്ടം ലഭിക്കും. പക്ഷെ അതോടെ ഷാഫിയുടെ വിജയ സാധ്യതകൾ അടയുമെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തേക്കാം. ഈ സാഹചര്യത്തിൽ ബിജെപിയുടെ നേട്ടം തടയാൻ എൽഡിഎഫിന് മാത്രമെ കഴിയൂ എന്ന രീതിയിലാണ് കാര്യങ്ങൾ മാറിയത്.

പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ബിജെപിക്ക് സ്വാധീനമില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പിന്തുണ വർധിച്ചിട്ടുമുണ്ട്. നഗരസഭയിൽ യുഡിഎഫിന്റെ പിന്തുണയിൽ ഇടിവ് സംഭവിക്കുക കൂടി ചെയ്താൽ ഷാഫി പറമ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വോട്ട് കണക്കുകൾ വെച്ച് നോക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി പി പ്രമോദ് വ്യക്തമായ മേൽക്കയ്യോടെ ഒന്നാം സ്ഥാനത്ത് ഉണ്ട് എന്നാണ് അവസാന നിമിഷത്തെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്.