പ്രചാരണത്തിന്‌ നാളെ കൊടിയിറക്കം ; കൊട്ടിക്കലാശമില്ല

0
87

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്‌ച രാത്രി ഏഴിന്‌ അവസാനിക്കും. വോട്ടെടുപ്പ്‌ അവസാനിക്കുന്നതിന്‌ 48 മണിക്കൂർ മുമ്പ്‌ പ്രചാരണം അവസാനിപ്പിക്കണം. കോവിഡ്‌ സാഹചര്യത്തിൽ വോട്ടെടുപ്പ്‌ രാത്രി ഏഴുവരെ ദീർഘിപ്പിച്ചിട്ടുണ്ട്‌.

മാവോയിസ്‌റ്റ്‌ ഭീഷണിയുള്ള പ്രദേശങ്ങളിൽ വൈകിട്ട്‌ ആറിന്‌ അവസാനിക്കും. ഇവിടങ്ങളിൽ പ്രചാരണം ഞായറാഴ്‌ച വൈകിട്ട്‌ ആറുവരെ അനുവദിക്കൂ. ബൈക്ക്‌ റാലി 72 മണിക്കൂർ മുമ്പ്‌ അവസാനിപ്പിക്കണം.

റോഡ്‌ ഷോയിൽ അഞ്ചുവാഹനം മാത്രമേ ഒരു നിരയിൽ പങ്കെടുക്കാവൂ എന്നും അരമണിക്കൂറിന്റെ ഇടവേളയിൽ മാത്രമേ അടുത്ത ജാഥ അനുവദിക്കാവൂ എന്നും‌ മാർഗനിർദേശത്തിൽ പറയുന്നു‌.

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്ക് ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുവരെ അതത് മണ്ഡലത്തിലെ തപാൽ വോട്ടിങ്‌ കേന്ദ്രത്തിൽ വോട്ടുചെയ്യാം. ഫെബ്രുവരി 26നാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. മാർച്ച്‌ 12ന്‌ വിജ്ഞാപനമിറങ്ങി. 140 മണ്ഡലത്തിലായി 957 സ്ഥാനാർഥികളാണ്‌ ജനവിധി തേടുന്നത്‌.

കൊട്ടിക്കലാശമില്ല

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്‌ വിലക്ക്‌. കോവിഡ്‌ സാഹചര്യം കണക്കിലെടുത്താണ്‌ നടപടി. മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ നൽകിയ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗീകരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ വരണാധികാരികളായ കലക്ടർമാർക്ക്‌ നിർദേശം നൽകി.