മോഡി ജിയോ ബ്രാൻഡ് അംബാസഡർ ; കോൺഗ്രസ്, ബിജെപി ദേശീയ നേതാക്കൾ കേരളത്തിൽവന്ന് അപഹാസ്യകരമായ പ്രസ്‌താവന നടത്തുന്നു : ബൃന്ദ കാരാട്ട്

0
49

കേരളത്തെ എൽഡിഎഫ് സർക്കാർ പിന്നോട്ട് നയിക്കുന്നെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ജിയോ ബ്രാൻഡ് അംബാസഡറായി ഇറങ്ങിയിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കെ ഫോണിലൂടെ സാധാരണക്കാരുടെ വീടുകൾ ഡിജിറ്റലാക്കുകയാണ് എൽഡിഎഫ് സർക്കാർ.

കേന്ദ്രസർക്കാരിന്റെ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോൾ കോവിഡ്‌ കാലത്ത് മൂന്നു‌മാസംമാത്രമാണ് ജനത്തിന്‌ നൽകിയത്. കേരളത്തിൽ 88 ലക്ഷം കുടുംബങ്ങൾക്കാണ് റേഷൻകട മുഖേന ഭക്ഷ്യധാന്യം നൽകുന്നതെന്നും അവർ കാഞ്ഞങ്ങാട്ട്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ബജറ്റിൽ സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. കേരളത്തിൽ പെൻഷൻ 1600 രൂപയാക്കി. ഇത് 2500 രൂപയാക്കും. ഭവനനിർമാണത്തിന് കേന്ദ്രം നൽകുന്ന വിഹിതംകൊണ്ട്‌ കന്നുകാലിത്തൊഴുത്തുപോലും നിർമിക്കാനാകില്ല. എൽഡിഎഫ് സർക്കാർ നാലുലക്ഷം രൂപയാണ് നൽകുന്നത്.

കോൺഗ്രസ്, ബിജെപി ദേശീയ നേതാക്കൾ കേരളത്തിൽവന്ന് അപഹാസ്യകരമായ പ്രസ്‌താവന നടത്തുന്നു. കേരളം വലിയ അപകടത്തിലെന്നാണ് എ കെ ആന്റണി പറയുന്നത്. ഡൽഹിയിൽ കഴിയുന്നതിനാൽ ആന്റണി കേരളം വളർന്നത് അറിഞ്ഞിട്ടില്ല.

യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന സുരേഷ്ഗോപിയുടെ പ്രസ്‌താവനയിൽ ബിജെപി ദേശീയ നേതാക്കൾ മറുപടി പറയണം. യുഡിഎഫ് നേതാക്കൾ ബിജെപിക്കെതിരെ മിണ്ടുന്നില്ല. കേരളത്തിലെ ജനങ്ങൾ യുഡിഎഫ്‌–-ബിജെപി സഖ്യം തള്ളിക്കളയുമെന്നും ബൃന്ദ പറഞ്ഞു.