BREAKING: പാലക്കാട് – വികസനം വിഷയമായി, തിരിച്ചടി ഭയന്ന് യുഡിഎഫ്

0
130

പാലക്കാട് മണ്ഡലത്തിലെ വികസന മുരടിപ്പ് ജനവിധിയിൽ തിരിച്ചടിയുടെ കാരണമാകുമെന്ന ഉൾഭയത്തിൽ യുഡിഎഫ്. പരിഹാരമില്ലാത്ത മാലിന്യപ്രതിസന്ധിയും മോയൻസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ വൈകിയതും നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ കർമ്മപദ്ധതിയില്ലാത്തതും തങ്ങൾക്കെതിരാകുമെന്ന് യുഡിഎഫിനുള്ളിൽ ശക്തമായ വികാരമുണ്ട്. നഗരത്തിലെ ഇടത്തരക്കാരിൽ നല്ലൊരു പങ്കും ഇക്കുറി യുഡിഎഫിനെ കൈവിടാനാണ് സാധ്യതയെന്ന് കടുത്ത യുഡിഎഫ് അനുഭാവികൾ പോലും ഭയക്കുന്നു.

അതിഗുരുതരമായി തുടരുന്ന മാലിന്യപ്രശ്നം യുഡിഎഫിനും എൻഡിഎയ്ക്കും ഒരുപോലെ തലവേദനയാണ്. ഇക്കാര്യത്തിൽ നഗരസഭയ്ക്കാണ് ഉത്തരവാദിത്തമെന്നാണ് ഷാഫി പറമ്പിൽ എംഎൽഎ വ്യക്തമാക്കുന്നത്. എംഎൽഎയ്ക്കാണ് ഉത്തരവാദിത്തമെന്ന് എൻഡിഎ തിരിച്ചടിക്കുന്നു. തെരുവുകളിൽ മാലിന്യം കുമിഞ്ഞു കൂടുമ്പോൾ പരസ്പരം തർക്കിച്ചു നടക്കുന്നതിലുള്ള അമർഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

ഇടുങ്ങിയ റോഡുകളും തിരക്കേറിയ കവലകളും ഗതാഗത വികസനത്തെ വഴിമുട്ടിച്ചു നിൽക്കുകയാണ്. അണ്ടർ പാസേജുകളും ഫ്ലൈ ഓവറുകളും പാലക്കാട് നഗരത്തിൽ അനിവാര്യമാണ്. പല മണ്ഡലങ്ങളിലും കിഫ്ബി പദ്ധതി പ്രയോജനപ്പെടുത്തി വമ്പൻ പാലങ്ങൾ യാഥാർത്ഥ്യമാവുകയാണ്. എന്നാൽ നഗരവികസനത്തിന് ദീർഘവീക്ഷണമുള്ള ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ എംഎൽഎയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്.

സമാനമാണ് മോയൻസ് സ്കൂളിന്റെ സ്ഥിതി. ചുറ്റുവട്ടത്തുള്ള സകല സ്കൂളുകളും ഹൈടെക് ആയിട്ടും മോയൻസ് സ്കൂളിന്റെ ഡിജിറ്റലൈസേഷൻ തുടങ്ങിയ സ്ഥലത്തു നിൽക്കുകയാണ്. വർഷം എട്ടു കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതിന് എംഎൽഎ മാത്രമാണ് ഉത്തരവാദിയെന്ന് പിടിഎയും അധ്യാപകരും പരസ്യമായിത്തന്നെ കുറ്റപ്പെടുത്തുന്നു.

കായികവികസനത്തിലെ മുരടിപ്പും മണ്ഡലത്തിൽ സജീവചർച്ചയാണ്. പ്രഗത്ഭരായ കായികതാരങ്ങൾക്ക് ജന്മം നൽകിയ ജില്ലയായിട്ടും അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും പാലക്കാട് ഏറെ പിന്നിലാണ്. നഗരമധ്യത്തിലെ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ഉദാഹരണം. മാലിന്യക്കൂമ്പാരവും തെരുവുപട്ടികളുടെ താവളവുമായി മാറിയ സ്റ്റേഡിയം നവീകരിക്കാൻ ഒരു പദ്ധതിയും ഉണ്ടായിട്ടില്ല.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ വികസനം വഴിമുട്ടിച്ചുവെന്ന ആക്ഷേപവും യുഡിഎഫിനു നേരെ ഉയരുന്നുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി മേഖലയിലേയ്ക്ക് ഇടതടവില്ലാതെ സർവീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ ബസ് സ്റ്റേഷനാണ് പാലക്കാട്.

ആലപ്പുഴ മൊബിലിറ്റി ഹബ്, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയുടെ മാതൃകയിലാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വിപുലീകരിക്കേണ്ടിയിരുന്നത് എന്നാണ് എൽഡിഎഫ് വാദം. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.

പാലക്കാട് മെഡിക്കൽ കോളജ് മാത്രമാണ് യുഡിഎഫ് എംഎൽഎയുടെ വികസന നേട്ടമായി അവകാശപ്പെടുന്നത്. യുഡിഎഫ് കാലത്ത് വെറും 13 കോടി ചെലവഴിച്ച സ്ഥാനത്ത് തങ്ങൾ 272 കോടിയുടെ വികസനം യാഥാർത്ഥ്യമാക്കിയെന്നും ആ വികസനം മന്ത്രി എ കെ ബാലന്റെ അക്കൌണ്ടിലാണെന്നും എൽഡിഎഫ് തിരിച്ചടിയ്ക്കുന്നു.

ടൂറിസം വികസനം, ഐടി സംരംഭങ്ങൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി ഒരു മേഖലയിലും പാലക്കാടിന് എടുത്തു പറയാവുന്ന ഒരു പദ്ധതിയുമില്ല. തുടർച്ചയായി പത്തുവർഷം ജനപ്രതിനിധിയായിരുന്നിട്ടും ഷാഫി പറമ്പിലിന്റെ സംഭാവന വട്ടപ്പൂജ്യമായി തുടരുകയാണ് എന്ന ആക്ഷേപം പ്രതിരോധിക്കാനാവാത്ത സ്ഥിതിയിലാണ് യുഡിഎഫ്.