ഭരണത്തുടർച്ച ബിജെപിക്കെതിരായ പോരാട്ടത്തിന്‌ കരുത്തേകും : കോടിയേരി ബാലകൃഷ്‌ണൻ

0
95

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്‌‌ ഭരണത്തുടർച്ചയുണ്ടാകുന്നത്‌ ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിന്‌ ദിശാബോധം പകരുമെന്ന്‌ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പഞ്ഞു. എൽഡിഎഫ്‌ സർക്കാർ വീണ്ടും വരണമെന്നാണ്‌ ലോകമെങ്ങുമുള്ള മലയാളികൾ ആഗ്രഹിക്കുന്നതെന്നും പ്രസ്‌ക്ലബ്ബിൽ ‌‌മുഖാമുഖത്തിൽ കോടിയേരി പറഞ്ഞു.

ദേശീയ നേതൃത്വമില്ലാത്ത കോൺഗ്രസിന്‌ ബിജെപിക്കെതിരെ പോരാടാനാവില്ല. സുരേഷ്‌ഗോപിയുടെ വാക്കുകൾ കേരളത്തിലെ കോൺഗ്രസ്‌–- ബിജെപി സഖ്യം വെളിപ്പെടുത്തുന്നതാണ്‌. അവിശുദ്ധ സഖ്യങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ്‌ കേരളത്തിന്റേത്‌.

അതിനാൽ തലശേരിയിലെ അവിശുദ്ധ സഖ്യം വിജയിക്കില്ല. 35 സീറ്റ്‌ ലഭിച്ചാൽ കേരളത്തിൽ ബിജെപി ഭരണം പിടിക്കുമെന്ന്‌ കെ സുരേന്ദ്രൻ പറഞ്ഞത്‌ യുഡിഎഫ്‌ പിന്തുണയുടെ പുറത്താണ്‌. ബാക്കിയുള്ള മണ്ഡലങ്ങളിൽ യുഡിഎഫിനെ ബിജെപി സഹായിക്കുമെന്ന്‌ വ്യക്തം. കഴിഞ്ഞതവണത്തെ വോട്ടിങ്‌‌ ശതമാനം നിലനിർത്താൻ ബിജെപിക്കാവില്ല.

നേമത്ത്‌ അവർ പരാജയപ്പെടും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ കേരളത്തിൽ പാർടി വളർത്താമെന്നത്‌ ബിജെപിയുടെ വ്യാമോഹമാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും യോജിച്ച്‌ എൽഡിഎഫിനെതിരെ പ്രചാരണം നടത്തിയിട്ടും 11‌ ജില്ലാ പഞ്ചായത്തും 42 ശതമാനം വോട്ടും എൽഡിഎഫിന്‌ ലഭിച്ചു. 99 നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷവും. എൽഡിഎഫിന്‌ തുടർഭരണം ഒരു ചാനൽ ആദ്യമായി പ്രഖ്യാപിച്ചതോടെ ആ സാധ്യത ഇല്ലാതാക്കാനുള്ള കള്ളപ്രചാരണവും‌ ആരംഭിച്ചു–- കോടിയേരി പറഞ്ഞു.

ഇരട്ടസഹോദരങ്ങൾക്ക്‌ വോട്ട്‌ നിഷേധിക്കാൻ ശ്രമം

ഇരട്ടവോട്ടുണ്ടെങ്കിൽ തിരുത്തേണ്ടത്‌ തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌. എന്നാൽ ഇരട്ടവോട്ടിന്റെ പേരിൽ ഇരട്ടസഹോദരങ്ങൾക്ക്‌ വോട്ട്‌ നിഷേധിക്കാനാണ്‌ ചെന്നിത്തലയുടെ ശ്രമം. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നത്‌ ഇ പി ജയരാജന്റെ അഭിപ്രായമാണെന്ന്‌ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. പാർടിയാണ്‌ തീരുമാനമെടുക്കേണ്ടത്‌. അത്‌ എല്ലാവർക്കും ബാധകമാണ്‌. ഏതൊരു സഖാവിനും പറയാനുള്ളത്‌ പാർടി കേൾക്കും.

തീരുമാനമെടുത്താൽ എല്ലാവരും അംഗീകരിക്കും. പാർടിയും എൽഡിഎഫും സർക്കാരും കൂട്ടായി എടുക്കുന്ന തീരുമാനമാണ്‌ മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. ഭാര്യ വിനോദിനിയുമായി ബന്ധപ്പെട്ട ഐഫോൺ വിവാദവും പൊളിഞ്ഞെന്ന്‌ കോടിയേരി ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവനും ഒപ്പമുണ്ടായി.