Saturday
10 January 2026
20.8 C
Kerala
HomeIndiaചെറുകിട സമ്പാദ്യപദ്ധതി പലിശ കുറയ്‌ക്കൽ ഉത്തരവ്‌‌ പിൻവലിച്ചു; അശ്രദ്ധയെന്ന്‌ ധനമന്ത്രി

ചെറുകിട സമ്പാദ്യപദ്ധതി പലിശ കുറയ്‌ക്കൽ ഉത്തരവ്‌‌ പിൻവലിച്ചു; അശ്രദ്ധയെന്ന്‌ ധനമന്ത്രി

ചെറുകിട സമ്പാദ്യപദ്ധതികളിലെ പലിശനിരക്ക്‌ കുത്തനെ കുറച്ച ഉത്തരവ്‌ പിൻവലിച്ച് കേന്ദ്രസർക്കാർ. ‘അശ്രദ്ധമായി ഇറക്കിയ ഉത്തരവ്’ പിൻവലിക്കുകയാണെന്നും 2021 ജനുവരി-മാർച്ച്‌ പാദത്തിൽ നിലനിന്ന പലിശനിരക്ക് തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ദേശീയ സമ്പാദ്യപദ്ധതി നിക്ഷേപങ്ങൾമുതൽ പിപിഎഫുവരെയുള്ളവയുടെ പലിശനിരക്ക്‌ 1.1 ശതമാനംവരെയാണ്‌ കഴിഞ്ഞദിവസം വെട്ടിക്കുറച്ചത്‌.

നാല്‌ സംസ്ഥാനത്തെയും പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ തീരുമാനം ബിജെപിക്ക്‌ തിരിച്ചടിയാകുമെന്നു കണ്ടാണ്‌ പിന്മാറ്റം. നേരത്തേ പലതവണ ഇത്തരം നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ കുറച്ചു. മൂന്നുമാസം കൂടുമ്പോൾ ഇത്തരം പലിശനിരക്കുകൾ ക്രമീകരിക്കാൻ കഴിയുമെന്നതിനാൽ ജൂലൈ ഒന്നുമുതൽ പലിശനിരക്കുകൾ കുറച്ചേക്കാം.

ദേശീയസമ്പാദ്യപദ്ധതി നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ 6.8ൽനിന്ന്‌ 5.9 ആയും പിപിഎഫ്‌ പലിശനിരക്ക് ‌7.1ൽനിന്ന്‌ 6.4 ആയും കുറച്ചു. ലഘുസമ്പാദ്യപദ്ധതി, റിക്കറിങ്‌ നിക്ഷേപങ്ങളുടെ പലിശനിരക്കും അരശതമാനംവീതം കുറച്ചു.

സീനിയർ സിറ്റിസൺസ്‌ സേവിങ്‌സ്‌ സ്‌കീം പലിശനിരക്ക്‌ 7.4ൽനിന്ന്‌ 6.5 ആയി കുറച്ചു. ഒരുവർഷ കാലാവധി നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ 1.1 ശതമാനം വെട്ടിക്കുറച്ചു. ഈ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത്.

ഉത്തരവ്‌ പിൻവലിച്ച്‌ ജനങ്ങളെ വിഡ്‌ഢികളാക്കാൻ കഴിയില്ലെന്നും സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

നങ്ങളുടെ ജീവിതവും സമ്പാദ്യവും വീണ്ടും തകർക്കാനാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. സർക്കാരിന്റെ ശിങ്കിടി മുതലാളിമാരുടെ സമ്പാദ്യം ലക്ഷക്കണക്കിനു കോടികൾ പെരുകുന്നു. ബഹുഭൂരിപക്ഷം ജനതയെ സർക്കാർ പിഴിയുകയും ചെയ്യുന്നു–- യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

RELATED ARTICLES

Most Popular

Recent Comments