എൽഡിഎഫ്‌ സർക്കാരിന്റെ പൊതുചെലവിൽ റെക്കോഡ്‌ നേട്ടം

0
68

സാമൂഹ്യസുരക്ഷ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, മരാമത്ത്‌ തുടങ്ങിയ മേഖലകളിൽ വൻനിക്ഷേപമൊരുക്കി‌ എൽഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ പൊതുചെലവിൽ റെക്കോഡ്‌ നേട്ടം. 5,75,459 കോടി രൂപയാണ്‌ ഇക്കാലയളവിൽ ചെലവിട്ടത്‌.

ബജറ്റിനുപുറത്ത്‌ 10,000 കോടിയിലേറെ രൂപ കിഫ്‌ബിവഴിയും ചെലവിട്ടു. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിനാകട്ടെ ആകെ ചെലവ്‌ 3,40,142 കോടിയും. 2,35,317 കോടി രൂപയുടെ അധിക പൊതുചെലവാണ്‌ എൽഡിഎഫ്‌ കാലത്തുണ്ടായത്‌. സാമൂഹ്യ സുരക്ഷാ, വികസന മേഖലയിൽ ആകെ നിക്ഷേപം 2,19,863 കോടി രൂപയാണ്‌. യുഡിഎഫ്‌ കാലത്ത്‌ 1,34,554 കോടിയും. കാർഷിക മേഖലയിലെ നിക്ഷേപത്തിൽ അഞ്ചുവർഷം 10,607 കോടി രൂപയുടെ വർധന. യുഡിഎഫ്‌ കാലത്ത്‌ 18,039 കോടി. എൽഡിഎഫ്‌ 28,646 കോടി.

ആരോഗ്യ മേഖലയിൽ യുഡിഎഫ്‌ അഞ്ചുവർഷം ചെലവിട്ടത്‌ 21,130 കോടി. എൽഡിഎഫാകട്ടെ 36,944 കോടിയും. വിദ്യാഭ്യാസ രംഗത്ത്‌ ഈ‌ സർക്കാർ 89,636 കോടി രൂപ ചെലവിട്ടപ്പോൾ യുഡിഎഫ്‌ ചെലവഴിച്ചത്‌‌ 58,567 കോടി മാത്രം. അഞ്ചുവർഷത്തിൽ 31,069 കോടി രൂപയുടെ അധിക നിക്ഷേപമുണ്ടായി.

ജലസേചനത്തിന്‌ യുഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 2178 കോടി രൂപയാണെങ്കിൽ എൽഡിഎഫ്‌ സർക്കാരാകട്ടെ 2736 കോടിയും. കിഫ്‌ബിവഴി ബജറ്റിനുപുറത്ത്‌ 5223 കോടി രൂപയുടെ പദ്ധതികളും പുരോഗമിക്കുന്നു. 7951 കോടി രൂപയുടെ നിക്ഷേപമാണ്‌ അഞ്ചുവർഷത്തിലുള്ളത്‌.

മരാമത്തിൽ മൂവായിരം കോടിരൂപയുടെ പദ്ധതികളാണ്‌ അഞ്ചുവർഷത്തിൽ ബജറ്റിലൂടെ അധികമായി നടപ്പാക്കിയത്‌. യുഡിഎഫ്‌ കാലത്ത്‌ 8212 കോടി. എൽഡിഎഫ്‌കാലത്ത്‌ 10,767 കോടിയും. ബജറ്റിനുപുറത്ത്‌ 10,567.8 കോടി രൂപയുടെ റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമടക്കം നിർമാണം പുരോഗമിക്കുന്നു.

കിഫ്‌ബിവഴി പശ്ചാത്തല സൗകര്യ വികസന മേഖലയിൽ ഏറ്റെടുത്ത 63,251 കോടി രൂപയുടെ പദ്ധതികളും ബജറ്റിന്‌ പുറത്തുള്ളതാണ്‌. നിപായും ഓഖിയും രണ്ട്‌ പ്രളയവും കോവിഡും സൃഷ്ടിച്ച എല്ലാ പ്രതിസന്ധികളും മറികടന്നാണീ നേട്ടം.